ഹെലികോപ്റ്റര്‍ അപകടം ; പരിക്കേറ്റു ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് അന്തരിച്ചു
കുനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് ജീവനോടെ രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് അന്തരിച്ചു. ബംഗളൂരുവിലെ സൈനിക ആശുത്രിയിലാണ് അന്ത്യം. 39 വയസായിരുന്നു. ഉത്തര്‍ പ്രദേശ് കന്‍ഹോലി സ്വദേശിയായ വരുണ്‍ സിംഗ് അപകടത്തില്‍ രക്ഷപ്പെട്ട ഒരേയൊരാളാണ്. ധീരതയ്ക്കുള്ള ശൗര്യ ചക്ര നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. അപകടത്തില്‍ വരുണ്‍ സിങിന് 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. അദ്ദേഹത്തിന് ചര്‍മം വെച്ചുപിടിപ്പിക്കാനുള്ള ചികിത്സ ആരംഭിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു. ഇതിനായുള്ള ചര്‍മം ബംഗളുരു മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചര്‍മ ബാങ്ക് കമാന്‍ഡ്? ആശുപത്രിക്ക് കൈമാറിയിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് കൂനൂരില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അപകടമുണ്ടായത്.
കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് അടക്കം സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിക്ക് അടുത്ത് കൂനൂരില്‍ തകര്‍ന്നു വീഴുകയായിരുന്നു. ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ് ലിഡ്ഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ ഗുര്‍സേവക് സിങ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിരും അപകടത്തില്‍ മരിച്ചു. ഹെലികോപ്ടറില്‍ ഉണ്ടായിരുന്നവരില്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രമായിരുന്നു ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടത്. വെല്ലിങ്ടണിലെ മിലിട്ടറി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് വിദഗ്ധ ചികിത്സയ്ക്കായി ബെംഗളുരുവിലെ കമാന്‌റ് ആശുപത്രിയിലേക്ക് മാറ്റിയത്.