രാജ്യത്ത് വ്യാഴവും വെള്ളിയും ബാങ്ക് പണിമുടക്ക്

രാജ്യവ്യാപകമായി വ്യാഴം വെള്ളി ദിവസങ്ങളില്‍ നടക്കുന്ന ബാങ്ക് പണിമുടക്ക് ജനജീവിതത്തെ ബാധിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), പഞ്ചാബ് നാഷണല്‍ ബാങ്ക് (PNB), മറ്റു ബാങ്കുകള്‍ എന്നിവയുടെ സേവനങ്ങളെ വന്‍തോതില്‍ പണിമുടക്ക് ബാധിക്കും. ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്റെ (എഐബിഒസി) നേതൃത്വത്തിലായിരുന്നു റാലി സംഘടിപ്പിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരും യൂണിയന്‍ അംഗങ്ങളും പ്രതിഷേധത്തില്‍ പങ്കെടുത്തു. ഇപ്പോള്‍, യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) ആണ് രണ്ട് ദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് ബാങ്ക് ഓഫീസര്‍മാരും ട്രേഡ് യൂണിയനുകളും ഡിസംബര്‍ ഒന്നിന് ന്യൂഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ ‘ബാങ്ക് ബച്ചാവോ, ദേശ് ബച്ചാവോ’ എന്ന കാമ്പയിന്‍ ആരംഭിച്ചിരുന്നു. ”പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നത് സമ്പദ് വ്യവസ്ഥയുടെ മുന്‍ഗണനാ മേഖലകളെയും സ്വയം സഹായ സംഘങ്ങളിലേക്കും ഗ്രാമീണ സമ്പദ്വ്യവസ്ഥയിലേക്കുമുള്ള വായ്പാ പ്രവാഹത്തെയും ബാധിക്കും”, ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്റെ (എഐബിഒസി) ജനറല്‍ സെക്രട്ടറി സഞ്ജയ് ദാസ് പറഞ്ഞു.

പണിമുടക്ക് എടിഎമ്മുകളുടെയും പ്രവര്‍ത്തനത്തെ ബാധിക്കാന്‍ ഇടയുണ്ട്. നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ബാങ്ക് എംപ്ലോയീസ് (എന്‍സിബിഇ), ഇന്ത്യന്‍ നാഷണല്‍ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ (ഐഎന്‍ബിഇഎഫ്), ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബിഇഎഫ്ഐ), നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് വര്‍ക്കേഴ്സ് (എന്‍ഒബിഡബ്ല്യു) എന്നിവയും ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷനും (എഐബിഒസി) നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് ഓഫീസര്‍മാരും (എന്‍ഒബിഒ) പണിമുടക്ക് നടത്താന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.