മഴ മാറി, ഇനി വെയില്‍ കാലം ; രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂട് കേരളത്തില്‍
സംസ്ഥാനത്ത് മഴ മാറിയ മലയാളികളെ കാത്തിരിക്കുന്നത് ചൂട് കാലം. മഴ മാറി മാനം തെളിഞ്ഞതോടെ വെയിലിനെ പേടിക്കേണ്ട അവസ്ഥയിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂടുള്ള സ്ഥലമായി കേരളം ഈ ദിവസങ്ങളില്‍ മാറുകയാണ്. ഇന്നത്തെ കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് കേരളത്തിലാണ്. കണ്ണൂരില്‍ രേഖപ്പെടുത്തിയ 35.6 ഡിഗ്രി സെല്‍ഷ്യസാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനില. നിലവിലെ സാഹചര്യത്തില്‍ പകല്‍സമയങ്ങളില്‍ ചൂട് കൂടുമെന്നാണ് അറിയിപ്പ്.
സംസ്ഥാനത്ത് വരണ്ട കാലാവസ്ഥ തുടരുമെന്നാണ് വ്യക്തമാകുന്നത്. അടുത്ത ദിസങ്ങളിലും മഴ വിട്ടു നില്‍ക്കാനാണ് സാധ്യത. എങ്കിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ നേരിയ മഴ കിട്ടിയേക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് ഒരിടത്തും ജാഗ്രത നിര്‍ദ്ദേശമില്ലെന്നതാണ് മറ്റൊരു കാര്യം. മുന്‍പൊക്കെ നീണ്ട മഴക്കാലം, നീണ്ട വേനല്‍ക്കാലം – കേരളത്തിന്റെ കടലിനെയും കായലിനെയും ആവാസവ്യവസ്ഥയെയും ഒരു നൂലില്‍ കോര്‍ത്തവണ്ണം അതിസൂക്ഷ്മമായി പരിപാലിച്ചിരുന്നത് ഈ നീണ്ട സീസണുകളാണ്. പക്ഷെ 2017ലെ ഓഖിക്ക് ശേഷം കേരളവും കാലാവസ്ഥ വ്യതിയാനം നേരിട്ട് അനുഭവിച്ച് അറിഞ്ഞു തുടങ്ങി. കേരളത്തിന്റെ കടലിലും തീരത്തും മെല്ലെ മെല്ലെ ഉണ്ടാകുന്ന മാറ്റങ്ങള്‍ അത്യന്തം ഗുരുതരമായ അപകടങ്ങള്‍ കാത്തിരിക്കുവെന്ന മുന്നറിയിപ്പാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്നത്.
കാലം തെറ്റി പെയ്യുന്ന മഴയും തുടര്‍ച്ചയായ ചുഴലിക്കാറ്റുകളും ന്യൂനമര്‍ദ്ദങ്ങളും കൂടെയായതോടെ തീരം തീര്‍ത്തും ദുര്‍ബലമായി. ഓഖിക്ക് ശേഷം ശംഖുമുഖം ഇടിഞ്ഞതും വലിയതുറ ശോഷിച്ചതും ഇതിന് ഉദാഹരണമാണ്.ദേശീയ തീര ഗവേഷണ കേന്ദ്രത്തിന്റ കണക്ക് പ്രകാരം കേരളത്തിന്റെ 41% തീരമേഖലയിലും മാറ്റങ്ങള്‍ പ്രകടമാണ്. 37% ശതമാനം തീരപ്രദേശം മാത്രമാണ് സുരക്ഷിതം. യുഎസ് ആസ്ഥാനമായ ക്ലൈമറ്റ് സെന്‍ട്രലിന്റെ നിഗമനങ്ങള്‍ അനുസരിച്ച് കേരളത്തിന്റെ തീരങ്ങളൊക്കെയും അപകടത്തിലാണ്. കടല്‍നിരപ്പിന് താഴെയുള്ള പ്രദേശങ്ങളൊക്കെ കടലെടുക്കും. കടലിന്റെ ചൂട് കൂടുന്നതും മത്സ്യസമ്പത്തിലെ മാറ്റങ്ങളും ഒക്കെ മറ്റ് അന്തരഫലങ്ങള്‍.