കെ റെയില്‍ ഒരിക്കലും ലാഭകരമല്ലാത്ത പദ്ധതി എന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍

പിണറായി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയില്‍ പദ്ധതിക്കെതിരെ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം. സംസ്ഥാനം കോവിഡ് പ്രതിസന്ധിയില്‍ പൊറുതിമുട്ടുമ്പോള്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത് കെ റെയിലിന് അല്ലെന്നായിരുന്നു വിമര്‍ശനം. പദ്ധതി പരിസ്ഥിതിക്ക് ദോഷകരമാണ്. ഒരിക്കലും ലാഭകരമാകാത്ത പദ്ധതിയാണിതെന്നും അഭിപ്രായമുയര്‍ന്നു. പദ്ധതിയെ അനുകൂലിച്ച് സിപിഐയുടെ മേല്‍വിലാസം തകര്‍ക്കരുതെന്നും കൗണ്‍സിലില്‍ ആവശ്യമുയര്‍ന്നു. നമ്മളായി പദ്ധതിയെ തകര്‍ത്തു എന്ന് വരുന്നത് ആശാസ്യമല്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മറുപടി. എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പ്രാധാന്യം നല്‍കിയ പദ്ധതിയില്‍ നിന്നും പിന്മാറാന്‍ കഴിയില്ലെന്നും കാനം മറുപടി നല്‍കി.

നിലവിലെ ആശങ്കകള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്നും കാനം വിശദീകരിച്ചു. സംസ്ഥാന കൗണ്‍സിലിന് ശേഷം വാര്‍ത്താ സമ്മേളനത്തിലും കാനം രാജേന്ദ്രന്‍ പദ്ധതിയെ അനുകൂലിച്ചു. പദ്ധതിക്കെതിരെ നില്‍ക്കുന്ന യുഡിഎഫ് എംപിമാര്‍ സംസ്ഥാനത്തോട് കാട്ടുന്നത് കൊടും വഞ്ചനയാണെന്നും കാനം പറഞ്ഞു. എഐവൈഎഫ് സംസ്ഥാന സമ്മേളനത്തിലും കെ റെയിലിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. മെട്രോമാന്‍ ഇ ശ്രീധരനും വിമര്‍ശനം ഉന്നയിച്ചു. വീരവാദങ്ങളോ വ്യാജ വാഗ്ദാനങ്ങളോ നല്‍കിയിട്ട് കാര്യമില്ല. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ല. പദ്ധതി ആവശ്യമാണ് എന്ന് തന്നെയാണ് തന്റെയും അഭിപ്രായം. പക്ഷേ ശരിയായി പഠനം നടത്തി, അതിന് വേണ്ട മുഴുവന്‍ പണവും കണ്ടെത്തി, പ്രാപ്തരായ ആളുകളുടെ മേല്‍നോട്ടത്തില്‍ മാത്രമേ പദ്ധതി നടത്താവൂ. സാങ്കേതികമായ എല്ലാ വശങ്ങളും പരിശോധിച്ച്, പരിസ്ഥിതിക്കും അന്തരീക്ഷത്തിനും പ്രശ്നങ്ങളുണ്ടാക്കില്ലെന്ന് ഉറപ്പ് വരുത്തിയിട്ട് മാത്രമേ പദ്ധതി നടത്താവൂ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് എംപിമാരും കെ റെയിലിനെതിരെ രംഗത്തെത്തിയിരുന്നു.