കെ റയില്‍ അപ്രായോഗികം എന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍
സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിലിനെതിരെ ആരോപണങ്ങള്‍ കുന്നുകൂടുകയാണ്. പല വിദഗ്ധരും പദ്ധതിക്ക് എതിരെ രംഗത്ത് വന്നു കഴിഞ്ഞു. ഇപ്പോഴിതാ പദ്ധതി അപ്രായോഗികം എന്ന് പറഞ്ഞിരിക്കുകയാണ് മെട്രോമാന്‍ ഇ ശ്രീധരന്‍. സില്‍വര്‍ ലൈന്‍ പദ്ധതി പുനരാസൂത്രണം ചെയ്യണമെന്ന് ഇ ശ്രീധരന്‍ പറയുന്നു . കൃത്യമായ ആസൂത്രണമില്ലാതെ സര്‍ക്കാര്‍ തിരക്കിട്ട് പദ്ധതി നടപ്പാക്കുന്നത് ആപത്തെന്നും ഇ ശ്രീധരന്‍ പൊന്നാനിയില്‍ വ്യക്തമാക്കി. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് താന്‍ എതിരല്ല എന്ന് പറഞ്ഞ ശ്രീധരന്‍ ഇത്തരത്തില്‍ ഒരു പദ്ധതി ആവശ്യമാണ് എന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ കേവലം 55 ദിവസം കൊണ്ട് ആസൂത്രണം ചെയ്ത നിലവിലെ പദ്ധതി അബദ്ധമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പദ്ധതിയെ പറ്റി ഇംഗ്ലീഷില്‍ ഇങ്ങനെ പറയാം ‘ill conceived, badly planned, very badly handled’ മെട്രോ മാന്‍ വിശദീകരിച്ചു. ‘ കേരളത്തിന് ഒരു റെയില്‍ പാത കൂടി വേണം എന്ന് തന്നെ ആണ് എന്റെ അഭിപ്രായം. പക്ഷേ ഇത് ഇത്തരത്തില്‍ അല്ല നടപ്പാക്കണ്ടത്. ഇപ്പോഴത്തെ രീതിയിലല്ല പദ്ധതി നടപ്പാക്കേണ്ടത്. പദ്ധതിയുടെ ആസൂത്രണത്തിന് തന്നെ വിശദമായ പഠനം നടത്തണം. ഇതിന് രണ്ടുവര്‍ഷമെങ്കിലും സമയമെടുക്കും. പാഠങ്ങളുടെയും ചതുപ്പുനിലങ്ങളും ഇവിടെയും റെയില്‍വേ പാത കടന്നുപോകുന്നത് ശരിയല്ല. അതോടൊപ്പം 20,000 പേരെയെങ്കിലും മാറ്റി പാര്‍പ്പിക്കേണ്ടി വരും. ”
”പദ്ധതിക്ക് നിരവധി ടെക്‌നിക്കല്‍ പ്രശ്‌നങ്ങള്‍ ഉണ്ട്. 64000 കോടി രൂപ കൊണ്ട് അഞ്ചുവര്‍ഷംകൊണ്ട് പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്നും പറയുന്നത് പ്രായോഗികമല്ല. പരിസ്ഥിതി സര്‍വ്വേ , ജിയോ ടെക് സര്‍വ്വേ എന്നിവയെല്ലാം നടത്തേണ്ടതുണ്ട്. വെറും ഏരിയല്‍ സര്‍വേ മാത്രം ആണ് ഇപ്പൊള്‍ അടിസ്ഥാനമാക്കിയിട്ടുള്ളത്. അതും വെറും 55 ദിവസങ്ങള്‍ കൊണ്ട്.ഒരു പഠനവും ശാസ്ത്രീയമായി നടത്തിയിട്ടില്ല. ഇതെല്ലാം കൊണ്ടാണ് പദ്ധതിയെ എതിര്‍ക്കുന്നത് ‘സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ തന്റെ അഭിപ്രായം തേടിയിട്ടില്ല, ഒരു തരത്തിലും ഇടപെടുത്തരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. നിലവിലെ പദ്ധതിയുമായി സഹകരിക്കാനില്ല. എന്നാല്‍ കൃത്യമായ ആസൂത്രണത്തോടെ പദ്ധതി നടപ്പാക്കാന്‍ തയ്യാറായാല്‍ കൂടെ നില്‍ക്കുമെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി.
‘ എന്നോട് ഔദ്യോഗികമായി ആരും ഒന്നും ചോദിച്ചിട്ടില്ല. ചോദിക്കരുത് എന്ന് പോലും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പദ്ധതിയെ പറ്റി അറിഞ്ഞപ്പോള്‍ 64,000 കോടി എസ്റ്റിമേറ്റ് തുക ആണോ എന്ന് മുഖ്യമന്ത്രിയോട് അന്വേഷിച്ചിരുന്നു. പദ്ധതി പൂര്‍ത്തീകരിക്കാന്‍ ഉള്ള തുക ആണ് കണ്ടെത്തേണ്ടത് എന്ന് അഭിപ്രായപ്പെട്ടിരുന്നു. അങ്ങനെ ആണെങ്കില്‍ 84000 കോടിയില്‍ അധികം വരും. അപ്പോള്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വിശദീകരിച്ചത് ഇത് കംപ്ലീഷന്‍ തുക ആണ് എന്ന് ആണ്. ഒരു പഠനവും ശാസ്ത്രീയമായി നടന്നിട്ടില്ല. ഇത് പൂര്‍ത്തീകരിക്കാന്‍ ആകില്ല എന്ന് ഉറപ്പാണ്. വിശദ രൂപരേഖ തയ്യാറാക്കാന്‍ ചുരുങ്ങിയത് 2 വര്‍ഷമെങ്കിലും വേണം. സര്‍ക്കാരിന് അനാവശ്യ ധൃതി ആണ്. പദ്ധതി ആസൂത്രണം ചെയ്തു നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നു എങ്കില്‍ സഹകരിക്കാന്‍ തയ്യാറാണ്. ‘ഇ.ശ്രീധരന്‍ പറഞ്ഞു നിര്‍ത്തി.
അതുപോലെ ഇനി സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ല എന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി. എന്നാല്‍ ബിജെപിയുമായി ഉള്ള സഹകരണം തുടരും. പല കാര്യങ്ങളിലും മാറ്റം വരുത്താതെ കേരളത്തില്‍ ബിജെപിക്ക് രക്ഷയില്ലെന്നും ഇ.ശ്രീധരന്‍ പൊന്നാനിയില്‍ പറഞ്ഞു. ‘ ഒരു ബ്യൂറോക്രാറ്റായാണ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. പരാജയം പലതും പഠിപ്പിച്ചു. ആ സമയത്ത് അല്പം വിഷമം ഉണ്ടായിരുന്നു, പക്ഷേ ഇപ്പോള്‍ ഇല്ല. ഒരു എംഎല്‍എ വിചാരിച്ചതു കൊണ്ട് മാത്രം വലിയ കാര്യങ്ങള്‍ ഒന്നും ചെയ്യാനാകില്ല. അതിന് ഭരണം കൂടി വേണം. ഇനി രാഷ്ട്രീയത്തില്‍ സജീവമായി തുടരാന്‍ ആകില്ല.പ്രായം കൂടി പരിഗണിച്ചാണ് സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനം എടുത്തത്. ആ കാലം കഴിഞ്ഞു. ഇപ്പോള്‍ തന്നെ വയസ് 90 ആയി. ഈ വയസില്‍ ഇനി വയ്യ. പക്ഷേ ബിജെപിയുമായി സഹകരിച്ച് തന്നെ പോകും. ക്ഷണിതാവ് എന്ന നിലയില്‍ ആണ് ബിജെപി തനിക്ക് സ്ഥാനം തന്നിട്ടുള്ളത്. ‘ ഇ.ശ്രീധരന്‍ വ്യക്തമാക്കി.