പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തിയതിനെതിരെ ബൃന്ദ കാരാട്ട്
പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്ന് 21 ലേക്ക് ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ നയത്തിന് എതിരെ വിമര്‍ശനവുമായി സിപിഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. വിവാഹം പ്രായം ഉയര്‍ത്തിയത് പെണ്‍കുട്ടികളുടെ സ്വതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. സ്ത്രീശാക്തീകരണത്തിന് ഇത് സഹായിക്കില്ലെന്ന് വൃന്ദ കാരാട്ട് പറഞ്ഞു. 18 വയസ്സുള്ള പെണ്‍കുട്ടി മുതിര്‍ന്ന പൗരയാണ്. അതുകൊണ്ടു തന്നെ അവര്‍ക്ക് അവരുടെ ജീവിതം തെരഞ്ഞെടുക്കാനുള്ള അവകാശം വേണം. വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയാണ് എങ്കില്‍ അതിനുള്ള അവകാശവുമുണ്ട്. 25-ാം വയസ്സിലാണ് വിവാഹം കഴിക്കുന്നത് എങ്കില്‍ അതിനുള്ള അവകാശവുമുണ്ട്. വിവാഹം കഴിക്കുന്നില്ല എന്നാണെങ്കില്‍ അതിനുള്ള അവകാശവുമുണ്ട്. ഒരു മുതിര്‍ന്ന സ്ത്രീയുടെ വിവാഹത്തെയാണ് സര്‍ക്കാര്‍ നിയമത്തിലൂടെ കുറ്റകൃത്യമാക്കുന്നത് എന്നും വൃന്ദ കാരാട്ട് പറയുന്നു.
പെണ്‍കുട്ടികള്‍ക്ക് പോഷകാഹാരവും ആരോഗ്യവുമാണ് ഉറപ്പുവരുത്തേണ്ടത്. 21-ാം വയസ്സിലാണ് പെണ്‍കുട്ടി സമ്പൂര്‍ണ ആരോഗ്യവതിയാകുന്നത് എന്നാണ് ഇതു കൊണ്ട് അര്‍ത്ഥമാക്കുന്നത്. പ്രായത്തില്‍ സമത്വം കൊണ്ടുവരുന്നു എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്തു കൊണ്ട് പ്രായപൂര്‍ത്തിയാകുമ്പോള്‍ ആയിക്കൂടാ. അതാണ് നേരത്തെ ലോ കമ്മിഷന്‍ നേരത്തെ ശിപാര്‍ശ ചെയ്തത്. കേന്ദ്രത്തിന്റെ നീക്കത്തില്‍ വ്യക്തമായ അജണ്ടകളുണ്ടെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി.
വിവാഹപ്രായം ഉയര്‍ത്തുന്നതിന് പകരം സ്ത്രീകള്‍ക്ക് പഠിക്കാനും, പോഷകാഹാരം ഉറപ്പിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ നേതൃത്വം നടത്തേണ്ടതെന്നും ബൃന്ദ കാരാട്ട് അഭിപ്രായപ്പെട്ടു. വിവാഹപ്രായം ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്ന കാരണങ്ങള്‍ തൃപ്തികരമല്ലെന്നും ഇത് യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ഓടിയോളിക്കാന്‍ വേണ്ടിയുള്ള നീക്കമാണെന്നും ബൃന്ദാ കാരാട്ട് വിമര്‍ശിച്ചു. സ്ത്രീകളുടെ വിവാഹപ്രായം 18 ല്‍ നിന്ന് 21 ആയി ഉയര്‍ത്താനുള്ള നീക്കത്തിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷനും മുസ്ലിം ലീഗും രംഗത്തെത്തി. മുസ്ലിം വ്യക്തിനിയമത്തിലുള്ള കടന്നുകയറ്റമെന്ന് ആരോപിച്ച് ലീഗ് ഇരു സഭകളിലും മുസ്ലിം ലീഗ് നോട്ടീസ് നല്‍കി. അതേസമയം, ബില്ല് നടപ്പുസമ്മേളനത്തില്‍ അവതരിപ്പിക്കുന്ന കാര്യത്തില്‍ കേന്ദ്രം മൗനം തുടരുകയാണ്. സ്ത്രീകളുടെ വിവാഹപ്രായം 21 ആയി ഉയര്‍ത്താനുള്ള ബില്ല് അടുത്തയാഴ്ച പാര്‍ലമെന്റില്‍ എത്തിയേക്കും. വിശദ ചര്‍ച്ചയ്ക്കു ശേഷമേ ഇത് കൊണ്ടുവരാന്‍ പാടുള്ളു എന്ന ആവശ്യവുമായാണ് നാല് മുസ്ലിംലീഗ് എംപിമാര്‍ ഇന്ന് നോട്ടീസ് നല്‍കിയത്. ബില്ലിന് പിന്നില്‍ ഗൂഢലക്ഷ്യമെന്നും ലീഗ് ആരോപിച്ചു.