ഇന്ത്യയില്‍ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 100 കടന്നു

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 100 കടന്നു. ഇതുവരെ 101 പേര്‍ക്ക് രോഗം ബാധിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 11 സംസ്ഥാനങ്ങളില്‍ നിന്നാണ് ഇത്രയും കേസുകളെന്ന് കേന്ദ്ര ആരോഗ്യ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു. അനാവശ്യമായ യാത്രകള്‍ ഒഴിവാക്കേണ്ട സമയമാണ്. കൂട്ടംകൂടുന്നതും പരമാവധി ഒഴിവാക്കണം. ചെറിയ തോതില്‍ ആഘോഷങ്ങള്‍ നടത്താന്‍ ശ്രദ്ധിക്കണമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ ബല്‍റാം ഭാര്‍ഗവ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ 20 ദിവസമായി പ്രതിദിനം ശരാശരി പതിനായിരത്തില്‍ താഴെ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പോസിറ്റിവിറ്റി നിരക്ക് 0.65 ശതമാനമാണ്. കേരളത്തിലും അഞ്ചിലേറെ പേര്‍ക്ക് ഓമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഒമിക്രോണ്‍ നിസാരമെന്ന് കരുതി തള്ളിക്കളയാന്‍ ആവില്ല. ഒമിക്രോണിന് ഡെല്‍റ്റയേക്കാള്‍ വ്യാപനശേഷിയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ 90 ശതമാനം കൊവിഡ് കേസുകളും ഒമിക്രോണാണെന്നും രാജ്യത്ത് ഇതുവരെ 11 സംസ്ഥാനങ്ങളിലായി 101 ഒമിക്രോണ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. അതിനിടെ, ദില്ലിയില്‍ പത്ത് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ, രാജ്യ തലസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 20 ആയി. അതേസമയം കേരളത്തില്‍ കോംഗോയില്‍ നിന്നും കൊച്ചിയിലെത്തി ഒമിക്രോണ്‍ സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്ക പട്ടിക കണ്ടെത്താനുള്ള ഊര്‍ജിത പരിശ്രമം തുടരുകയാണ് ആരോഗ്യ വകുപ്പ്. ഏഴ് മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ ഇയാള്‍ പോയ സ്ഥലങ്ങള്‍ കണ്ടെത്തിയ റൂട്ട് മാപ്പ് തയാറാക്കിയിട്ടുണ്ട്. എറണാകുളത്ത് ഇന്നലെയാണ് ഇയാള്‍ക്ക് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ഇയാളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പേരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന ആശ്വാസഫലം ഇതിനിടെ പുറത്തുവന്നിരുന്നു.