സ്‌കൂളിലെ മതില്‍ ഇടിഞ്ഞുവീണ് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

സ്‌കൂളിലെ ടോയ്‌ലറ്റിന്റെ മതില്‍ ഇടിഞ്ഞു വീണ് മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു. തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ ഷാഫ്റ്റര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് മതില്‍ ഇടിഞ്ഞുവീണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ഉടന്‍ തന്നെ നെല്ലായി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മൂന്ന് പേരും മരണത്തിന് കീഴടങ്ങി. വിശ്വരഞ്ജന്‍, സഞ്ജയ് എന്നിവരാണ് മരിച്ച വിദ്യാര്‍ത്ഥികളില്‍ രണ്ടുപേര്‍. ഒരാളുടെ വിവരം ലഭിച്ചിട്ടില്ല.

കുട്ടികള്‍ മൈതാനത്ത് വിദ്യാര്‍ത്ഥികള്‍ കളിച്ചുകൊണ്ടിരിക്കെയാണ് സമീപത്തുള്ള ടോയ്ലറ്റിന്റെ ചുറ്റുമതില്‍ ഇടിഞ്ഞുവീണത്. മതില്‍ ഇടിഞ്ഞുവീഴുമ്പോള്‍ മൂന്ന് ആണ്‍കുട്ടികള്‍ ടോയ്ലറ്റിന് സമീപം നിന്ന് സംസാരിക്കുകയായിരുന്നു. അപകടത്തില്‍ മറ്റ് ചില വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. മരിച്ചവരില്‍ രണ്ട് പേര്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണെന്നാണ് റിപ്പോര്‍ട്ട്. സംഭവം നടന്നയുടന്‍ സ്‌കൂളിലെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ പ്രകോപിതരായി സ്‌കൂളിന് നേരെ കല്ലെറിഞ്ഞു .വിദ്യാര്‍ഥികള്‍ മരിച്ച വിവരം അറിഞ്ഞ് സ്‌കൂളിന് മുന്നില്‍ രക്ഷിതാക്കള്‍ തടിച്ചുകൂടി. രാവിലെ 11 മണിയോടെയായിരുന്നു അപകടം. പൊലീസും ഫയര്‍ഫോഴ്‌സും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

തിരുനെല്‍വേലി ജില്ലയിലെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളായ ഷാഫ്റ്റര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നൂറ്റാണ്ട് പഴക്കമുള്ള സ്‌കൂളാണ്. 100 വര്‍ഷത്തിലധികം പഴക്കമുള്ള ഈ വിദ്യാലയം ബ്രിട്ടീഷ് ഭരണകാലത്തുള്ളതാണ്. ഒരു മാസത്തിലേറെയായി നെല്ലായി ജില്ലയില്‍ പെയ്യുന്ന കനത്ത മഴ കെട്ടിടത്തിന് കേടുപാടുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും യഥാസമയം പരിശോധിച്ചിരുന്നെങ്കില്‍ അപകടം ഒഴിവാക്കാനാകുമായിരുന്നെന്നും സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പും ഉത്തരവിട്ടിട്ടുണ്ട്. ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവികള്‍, വിദ്യാഭ്യാസ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.