കോഴിക്കോട് യുവാവ് തീകൊളുത്തിയ യുവതി മരിച്ചു ; യുവാവ് ഗുരുതരാവസ്ഥയില്‍

കോഴിക്കോട് യുവാവ് തീകൊളുത്തിയ യുവതി മരിച്ചു. തിക്കോടി ഗ്രാമപഞ്ചായത്തിലെ താത്കാലിക ജീവനക്കാരി കൃഷ്ണപ്രിയയാണ് മരിച്ചത്. 22 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കൃഷ്ണപ്രിയയ്ക്ക് 99 ശതമാനം പൊള്ളലേറ്റിരുന്നു. കൃഷ്ണപ്രിയയെ അപായപ്പെടുത്തിയ നന്ദുവിന്റെ നിലയും ഗുരുതരമായി തുടരുകയാണ്. നന്ദുവിന് 95 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഇന്ന് രാവിലെയാണ് തിക്കോടി പഞ്ചായത്ത് ഓഫീസിനു മുന്നില്‍ വച്ച് കൃഷ്ണപ്രിയയെ കുത്തിവീഴ്ത്തി നന്ദു തീകൊളുത്തിയത്.രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ യുവാവ് യുവതിയുമായി സംസാരിക്കുന്നതിനിടെയാണ് കുപ്പിയില്‍ നിന്ന് പെട്രോളെടുത്ത് ഒഴിച്ച് തീ കൊളുത്തിയത്.

ആദ്യം യുവതിയുടെ വയറ്റില്‍ കത്രിക കൊണ്ട് കുത്തിയ യുവാവ് പിന്നീട് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പിന്നാലെ യുവാവും പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. വസ്ത്രങ്ങളെല്ലാം കത്തിക്കരിഞ്ഞ് മാംസം വെന്ത നിലയിലാണ് ഇരുവരേയും ആശുപത്രിയിലെത്തിച്ചത്. തലയിലൂടെ പെട്രോള്‍ ഒഴിച്ചതിനാല്‍ ശരീരമാകെ തീ ആളി പടരുകയായിരുന്നു.സംഭവത്തില്‍ പയ്യോളി പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് മെഡിക്കല്‍ കോളജിലെത്തി നന്ദുവില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ഡോക്ടര്‍മാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ഇരുവരും തമ്മില്‍ കുറച്ചുകാലങ്ങളായി പ്രണയത്തിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഈ ബന്ധത്തിലെ പ്രശ്‌നങ്ങളാണ് യുവാവിനെ കൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.