വിവാഹപ്രായം 21 ; കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കി നിയമ കമ്മിഷന്‍ ശിപാര്‍ശ

രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാപകമായ രീതിയിലുള്ള വിമര്‍ശനമാണ് ഉയരുന്നത്. നവയുഗ ബുദ്ധിജീവികള്‍ എന്ന് നടിക്കുന്ന ചിലര്‍ ഒഴികെ ബഹുപൂരിപക്ഷം പൗരന്മാരും ഇതിനെതിരെ രംഗത്ത് വന്നു കഴിഞ്ഞു. മഹിളാ സംഘടനകളും പ്രമുഖ വ്യക്തികളും സ്ത്രീ സ്വാതന്ത്ര്യത്തിനു മേലുള്ള സര്‍ക്കാരിന്റെ കടന്നുകയറ്റമാണ് ഇതെന്ന് കുറ്റപ്പെടുത്തുന്നു. ആ വേളയില്‍ 2008ല്‍ നിയമ കമ്മിഷന്‍ സമര്‍പ്പിച്ച ശിപാര്‍ശകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. സുപ്രിംകോടതി മുന്‍ ജഡ്ജും ലോ കമ്മിഷന്‍ ചെയര്‍മാനുമായ ജസ്റ്റിസ് എ ആര്‍ ലക്ഷ്മണന്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടത് ആണ്‍കുട്ടികളുടെ വിവാഹ പ്രായം 18 ആക്കണമെന്നതായിരുന്നു.

നിലവില്‍ 21 വയസ്സാണ് ആണ്‍കുട്ടികളുടെ വിവാഹപ്രായ പരിധി. ഇത് വോട്ടവകാശം ലഭിക്കുന്ന 18ആം വയസ്സില്‍ തന്നെ ആക്കണമെന്നാണ് നിയമ കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നത്. ഇതിനായി 2006ലെ ശൈശവ വിവാഹനിരോധന നിയമം ഭേദഗതി ചെയ്യണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു. കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയ നിയമത്തിനെതിരെ രംഗത്തുവന്നവര്‍ ചൂണ്ടിക്കാണിക്കുന്നതും ഈ ശിപാര്‍ശയാണ്. പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ഉം ആണ്‍കുട്ടികളുടേത് 21ഉം ആയി തുടരേണ്ടതില്ലെന്നാണ് നിയമ കമ്മിഷന്റെ അഭിപ്രായം. ഈ പ്രായ വ്യത്യാസത്തിന് ശാസ്ത്രീയമായ സാധുതയില്ല. അതിനാല്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ വിവാഹത്തിനുള്ള കുറഞ്ഞ പ്രായപരിധി 18 ആക്കണമെന്നാണ് നിയമ കമ്മീഷന്‍ ശിപാര്‍ശ ചെയ്തത്.

ഇന്ത്യയില്‍ നിലവിലെ നിയമപ്രകാരം പരസ്പര സമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയുക 18 വയസ്സു മുതലാണ്. ഇതില്‍ സ്ത്രീപുരുഷ വ്യത്യാസമില്ല. ഇത് 16 വയസ്സായി കുറയ്ക്കണമെന്നും കമ്മിഷന്‍ ശിപാര്‍ശ ചെയ്യുകയുണ്ടായി. അതേസമയം വിവാഹപ്രായ പരിധി പുനര്‍നിര്‍ണയിക്കുമ്പോള്‍ 21 വയസില്‍ താഴെയുള്ളവര്‍ വിവാഹിതരായാല്‍ നിയമപ്രകാരം കുറ്റകരമാകും. ഇതിലെ വൈരുദ്ധ്യമാണ് വിവിധ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നത്. പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് വിവാഹത്തിലെ അവരുടെ തെരഞ്ഞെടുപ്പുകളെയും ഇഷ്ടങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നു ജനാതിപത്യ മഹിളാ അസോസിയേഷന്‍ പറയുന്നു. ഒരു പെണ്‍കുട്ടിയുടെ ലൈംഗികതയെ നിയന്ത്രിക്കാനേ നിയമം ഉപകരിക്കൂ. യുവാക്കള്‍ തമ്മിലുള്ള ഉഭയസമ്മതത്തോടെയുള്ള ലൈംഗിക പ്രവര്‍ത്തനങ്ങള്‍ ക്രിമിനല്‍വല്‍ക്കരിക്കുന്നത് പലപ്പോഴും തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം എന്നീ കുറ്റകൃത്യങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. അതുകൊണ്ടു തന്നെ ഇത്തരം നിയമങ്ങള്‍ സ്ത്രീകള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യതയ്ക്കും സ്വയംനിര്‍ണയാവകാശത്തിനും മേലുള്ള കടന്നുകയറ്റമാണെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

അതുപോലെ ബില്‍ വന്നാല്‍ ശക്തിയായി എതിര്‍ക്കുമെന്നും രാജ്യത്ത് അനാവശ്യവിവാദങ്ങള്‍ ഉണ്ടാക്കുകയാണ് കേന്ദ്രസര്‍ക്കാരെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. വിവാഹം കഴിക്കാതെ ഒന്നിച്ചു താമസിക്കുന്നത് സാധൂകരിക്കപ്പെടുന്ന രാജ്യത്ത് വിവാഹപ്രായം കൂട്ടുന്നത് എങ്ങനെയാണ് ന്യായീകരിക്കുക? സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കുന്ന തീരുമാനം യുക്തിഭദ്രമല്ലെന്നും വിഷയം പഠിക്കാതെയാണ് നിയമം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവാഹം, വിവാഹമോചനം എന്നിവയില്‍ വ്യക്തിനിയമമുണ്ട് ഏകീകൃത സിവില്‍ കോഡിലേക്കുള്ള വഴിയാണ് സ്ത്രീകളുടെ വിവാഹപ്രായം വര്‍ദ്ധിപ്പിക്കലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിന്റെ ഇരു സഭകളിലും ലീഗ് എംപിമാര്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കുകയും ചെയ്തു.