സ്ത്രീധനം കൂടുതല്‍ വേണമെന്ന പേരില്‍ മണ്ഡപത്തില്‍ അലമ്പുണ്ടാക്കിയ വരനെ വധുവിന്റെ ബന്ധുക്കള്‍ പഞ്ഞിക്കിട്ടു

സ്ത്രീധനമായി കൂടുതല്‍ പണം ആവശ്യപ്പെട്ട വരനെ ഒരു മനഃസാക്ഷിയും ഇല്ലാതെ പഞ്ഞിക്കിട്ട് വധുവിന്റെ ബന്ധുക്കള്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വെള്ളിയാഴ്ച രാത്രി നടന്ന വിവാഹ ചടങ്ങാണ് സ്ത്രീധന പ്രശ്‌നത്തേത്തുടര്‍ന്ന് അലങ്കോലമായത്. വിവാഹവേദിയിലെത്തിയ ശേഷം സ്ത്രീധനമായി പത്ത് ലക്ഷം രൂപ കൂടി വേണമെന്ന് വരന്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ആഗ്ര സ്വദേശിയായ മുസമ്മില്‍ എന്ന യുവാവായിരുന്നു വരന്‍. സ്ത്രീധനത്തിന്റെ പേരില്‍ പ്രശ്‌നം ഉണ്ടാക്കി വരനെ അനുനയിപ്പിക്കാന്‍ പെണ്ണിന്റ വീട്ടുകാര്‍ ശ്രമിച്ചു എങ്കിലും കൂടുതല്‍ സ്ത്രീധനം എന്ന ആവശ്യത്തില്‍ ചെക്കന്‍ ഉറച്ചുനിന്നതോടെയാണ് വധുവിന്റെ ബന്ധുക്കള്‍ക്ക് ക്ഷമ കെട്ടത്.

ഇതിനിടെ വരന്റെ പിതാവ് പണം നല്‍കിയില്ലെങ്കില്‍ വിവാഹം നടക്കില്ലെന്ന് കൂടി പറഞ്ഞതോടെ കാര്യങ്ങള്‍ കൈവിട്ടുപോവുകയായിരുന്നു. താലി കെട്ടാന്‍ തയ്യാറായി എത്തിയ വരനെ ബന്ധുക്കള്‍ ചേര്‍ന്ന് കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒടുവില്‍ വധുവിന്റെ വീട്ടുകാരുടെ മര്‍ദ്ദനത്തില്‍ നിന്ന് ഒരുവിധമാണ് യുവാവിനെ ബന്ധുവായ സ്ത്രീ രക്ഷിച്ചെടുത്തത് എന്നും വീഡിയോയില്‍ കാണാം. ഇതിന് പിന്നാലെ വരന്‍ മൂന്ന് തവണ വിവാഹിതനാണെന്ന ആരോപണം കൂടി വധുവിന്റെ വീട്ടുകാര്‍ ഉന്നയിച്ചിട്ടുണ്ട്. വധുവിന്റെ വീട്ടുകാര്‍ വിവാഹത്തിന് മുന്‍പ് മൂന്ന് ലക്ഷം രൂപയും ഒറു ലക്ഷം വിലവരുന്ന വജ്ര മോതിരവും വരന് നല്‍കിയിട്ടും സ്ത്രീധനം പോരെന്ന പരാതിയായിരുന്നു വരന്റെ കുടുംബത്തിന്. വരനെതിരെ പൊലീസിനെ സമീപിച്ചിരിക്കുകയാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍.