ടെലഗ്രാം നിരോധിക്കപ്പെട്ട രാജ്യങ്ങളും ഉണ്ട്
ലോകത്താകമാനം ഉപയോക്താക്കളുള്ള പേഴ്സണ്‍ മെസേജിങ്, ഫയല്‍ ഷെയറിങ് ആപ്പാണ് ടെലഗ്രാം. ഇന്ത്യയടക്കം നിരവധി രാജ്യങ്ങളില്‍ നിന്നായി 500 മില്യണലധികം സജീവ ഉപയോക്താക്കളുണ്ട് ടെലഗ്രാമിന്. വലിയ ഫയലുകള്‍ ഷെയര്‍ ചെയ്യാനുള്ള സൗകര്യവും സ്വകാര്യത സംരക്ഷിക്കുന്ന എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എന്നിവയൊക്കെയാണ് ടെലഗ്രാമിന്റെ സ്വീകാര്യത കൂട്ടിയത്. വാട്‌സ് ആപ്പ് , ഫേസ്ബുക്ക് മെസേജര്‍ , ജിമെയില്‍ എന്നിവയെക്കാള്‍ ഏറെ ഉപകാരപ്രദമായ ഒന്നാണ് ടെലഗ്രാം. വാട്‌സ് ആപ്പ് ഇപ്പോള്‍ കൊണ്ട് വരുന്ന പല ഫീച്ചറുകളും വര്‍ഷങ്ങള്‍ക്ക് മുന്നേ നിലവില്‍ കൊണ്ട് വന്നവരാണ് ടെലഗ്രാം. എന്നാല്‍ മലയാളികള്‍ക്ക് ടെലഗ്രാം എന്നാല്‍ സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ ഉള്ള സംഭവം ആണ്. പലര്‍ക്കും ഇതുവഴി മെസേജുകള്‍ അയക്കാം ചാറ്റ് ചെയ്യാം എന്ന് പോലും അറിയില്ല എന്നത് ഏറ്റവും രസകരം.
ott സജീവമായപ്പോള്‍ അവര്‍ക്ക് ഏറ്റവും പാര ഈ ടെലഗ്രാം ആണെന്നു പറയാം. റിലീസ് ആകുന്ന സിനിമകള്‍ അപ്പോള്‍ തന്നെ ടെലഗ്രാം വഴി ലോകം മുഴുവനും എത്തുന്നു. എന്നാല്‍ നിരോധിക്കപ്പെട്ട രാജ്യങ്ങളുമുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 27 നാണ് അസര്‍ബൈജാനില്‍ താത്കാലികമായി ടെലഗ്രാം നിരോധിച്ചത്. നാഗോര്‍ണോ-കരാബക്ക് യുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം. ടെലഗ്രാമിനൊപ്പം ഫേസ്ബുക്ക്, വാട്സാപ്പ്, യുട്യൂബ്, ഇന്‍സ്റ്റാഗ്രാം, ടിക്ടോക്, ലിങ്ക്ഡ് ഇന്‍, സൂം, സ്‌കൈപ്പ് എന്നീ സമൂഹ മാധ്യമങ്ങളും നിരോധിച്ചിരുന്നു. ആ വര്‍ഷം നവംബര്‍ 10 ന് നിരോധനം പിന്‍വലിച്ചു. ഗള്‍ഫ് രാജ്യമായ ബഹ്റൈന്‍ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി 2016 ജൂണിലാണ് ടെലഗ്രാം നിരോധിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ചൈന 2015ലാണ് ടെലഗ്രാം നിരോധിച്ചത്. രാജ്യതാത്പര്യത്തിനും സുരക്ഷയ്ക്കും തടസമാണ് എന്നത് ചൂണ്ടിക്കാട്ടിയാണ് ചൈന ടെലഗ്രാം നിരോധിച്ചത്.
സര്‍ക്കാര്‍ വിരുദ്ധ സന്ദേശങ്ങള്‍ കൈമാറുവെന്നാരോപിച്ച് ഈ വര്‍ഷം ജൂലൈയിലാണ് ടെലഗ്രാം അടക്കം നിരവധി സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ ക്യൂബ നിരോധിച്ചത്. 2017 ജൂലൈയിലാണ് ഇന്തോനേഷ്യ താത്കാലികമായി ടെലഗ്രാം നിരോധിച്ചത്. രാജ്യത്തിനും സമൂഹത്തെയും തെറ്റായി ബാധിക്കുന്ന ഉള്ളടടക്കമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അന്ന് ഇന്തോനേഷ്യ ടെലഗ്രാം നിരോധിച്ചത്. പക്ഷേ പിന്നീട് ടെലഗ്രാം സ്വയം സെന്‍സര്‍ഷിപ്പ് കൊണ്ടുവന്നതോടെ 2017 ഓഗസ്റ്റില്‍ ടെലഗ്രാമിന് ഏര്‍പ്പെടുത്തിയ ബാന്‍ ഇന്തോനേഷ്യ പിന്‍വലിച്ചു. വിവിധ കാരണങ്ങളാല്‍ ഇറാനില്‍ പല തവണ ടെലഗ്രാം നിരോധിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ 2019 സെപ്റ്റംബര്‍ 27 മുതല്‍ ഇറാനില്‍ പൂര്‍ണമായും ടെലഗ്രാം നിരോധിച്ചു.
ഇന്ത്യയുടെ അയല്‍രാജ്യമായ പാകിസ്ഥാനില്‍ ടെലഗ്രാമിന് നിരോധനമാണ്. 2017 നവംബര്‍ 18നാണ് അവിടെ ടെലഗ്രാം നിരോധിച്ചത്. അതുപോലെ ടെലഗ്രാമിന്റെ ജന്മദേശമായ റഷ്യയിലും ടെലഗ്രാം നിരോധിക്കപ്പെട്ടിരുന്നു. തീവ്രവാദ ശക്തികള്‍ ഉപയോഗിക്കുന്നു എന്നാരോപിച്ച് 2018 ഏപ്രില്‍ 13 മുതല്‍ 2020 ജൂണ്‍ 18 വരെ രണ്ടു വര്‍ഷകാലത്തേക്കാണ് ടെലഗ്രാം നിരോധിച്ചത്. രാജ്യവിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി 2020 ഒക്ടോബര്‍ 19നാണ് തായ്ലന്‍ഡ് സര്‍ക്കാര്‍ ടെലഗ്രാം നിരോധിച്ചത്. മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍ ടെലഗ്രാം നിരോധിച്ചിട്ടുണ്ടെങ്കിലും വിപിഎന്‍ പോലുള്ള സങ്കേതങ്ങള്‍ ഉപയോഗിച്ച് ആ രാജ്യങ്ങളില്‍ ജനങ്ങള്‍ ടെലഗ്രാം ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല ചില രാജ്യങ്ങള്‍ പകര്‍പ്പകാശ നിയമം ലംഘിക്കുന്നു എന്നാരോപിച്ച് ടെലഗ്രാമിനെതിരേ രംഗത്ത് വന്നിരുന്നു. കുട്ടികളുടെ ലൈംഗിക വീഡിയോകള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയും ടെലഗ്രാമിനെതിരേ നിലപാട് എടുത്തിരുന്നു. ടെലഗ്രാം അത്തരം ദൃശ്യങ്ങള്‍ സെന്‍സര്‍ ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.