ഗുരുവായൂരപ്പന് കാണിക്ക ലഭിച്ച ഥാര്‍ ലേലം തര്‍ക്കത്തില്‍ ; ലേലം ഉറപ്പിച്ചത് താത്കാലികമെന്ന് ദേവസ്വം ബോര്‍ഡ്
ഗുരുവായൂരപ്പന് കാണിക്ക ലഭിച്ച ഥാര്‍ ലേലം തര്‍ക്കത്തില്‍. താല്‍ക്കാലികമായാണ് ലേലം ഉറപ്പിച്ചതെന്നും 21 ന് ഭരണസമിതി യോഗത്തിന് ശേഷമേ അന്തിമ തീരുമാനം എടുക്കൂയെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. പ്രവാസി വ്യവസായിയായ എറണാകുളം സ്വദേശി അമല്‍ മുഹമ്മദലിയാണ് പതിനഞ്ച് ലക്ഷത്തി പതിനായിരം രൂപയ്ക്ക് ഥാര്‍ ലേലത്തില്‍ പിടിച്ചത്. 15 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില. നേരിട്ടെത്തി നിരതദ്രവ്യം കെട്ടിവയ്ക്കാത്തവരെ ലേലത്തില്‍ പങ്കെടുപ്പിക്കേണ്ടതില്ല എന്ന് ദേവസ്വം തീരുമാനിച്ചതിനാല്‍ ഒരാള്‍ക്ക് മാത്രമാണ് ലേലത്തില്‍ പങ്കെടുക്കാനായത്. ലേലം ഉറപ്പിച്ച ശേഷം പിന്‍മാറുന്നത് ശരിയല്ലെന്ന് അമല്‍ മുഹമ്മദലിയുടെ പ്രതിനിധി പറഞ്ഞു.
ഈ മാസം നാലാം തീയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി ഥാര്‍ ലഭിച്ചത്. വിപണിയില്‍ 13 മുതല്‍ 18 ലക്ഷം വരെ വിലയുള്ളതാണ് വണ്ടി. മഹീന്ദ്രയുടെ ലൈഫ് സ്‌റ്റൈല്‍ എസ്.യു.വി. മോഡല്‍ ഇതിനോടകം തന്നെ ഇന്ത്യയില്‍ സൂപ്പര്‍ഹിറ്റാണ്. ഇതിന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പാണ് ഗുരുവായൂരില്‍ സമര്‍പ്പിച്ചത്. ചുവപ്പ് നിറത്തിലുള്ള ഥാറിന്റെ ഫോര്‍ വീല്‍ ഡ്രൈവ് ഓപ്ഷനാണ് ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ നടന്ന ചടങ്ങില്‍ കാണിക്കയായി എത്തിയത്. 2020 ഒക്ടോബര്‍ രണ്ടിന് വിപണിയില്‍ എത്തിയ ഈ വാഹനം ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള ഫോര്‍ വീല്‍ ഡ്രൈവ് വാഹനമെന്ന പേരില്‍ പ്രശസ്തമാണ്. ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയതോടെ ഏറ്റവും സുരക്ഷിതമായ ഓഫ് റോഡ് വാഹനമെന്ന അംഗീകാരവും ഉണ്ട്. വിപണിയില്‍ എത്തി കുറഞ്ഞ കാലം കൊണ്ട് നിരവധി അവാര്‍ഡുകളാണ് ഈ വാഹനം നേടിയിട്ടുള്ളത്.