രാജ്യത്തിന്റെ ഈ അവസ്ഥയ്ക്ക് കാരണം ഹിന്ദുത്വവാദികള്‍ ; രാഹുല്‍ ഗാന്ധി
രാജ്യത്തിന്റെ നിലവിലെ അവസ്ഥയ്ക്ക് കാരണം ഹിന്ദുത്വവാദികളെന്ന് രാഹുല്‍ ഗാന്ധി. വര്‍ധിച്ചുവരുന്ന പണപ്പെരുപ്പത്തിനും വേദനയ്ക്കും സങ്കടത്തിനും കാരണം ഹിന്ദുത്വവാദികളാണ്. ഉത്തര്‍പ്രദേശിലെ തന്റെ മുന്‍ കോട്ടയായ അമേഠിയില്‍ ഒരു പൊതു റാലിയില്‍ സംസാരിക്കവെയാണ് രാഹുലിന്റെ പരാമര്‍ശം.
”ഇന്ന്, നമ്മുടെ രാജ്യത്ത് വിലക്കയറ്റം, വേദന, സങ്കടം എന്നിവയുണ്ടെങ്കില്‍ അത് ഹിന്ദുത്വവാദികളുടെ സൃഷ്ടിയാണ്. ഹിന്ദുക്കളും ഹിന്ദുത്വവാദികളും തമ്മിലാണ് ഇന്ന് യുദ്ധം. ഹിന്ദുക്കള്‍ സത്യാഗ്രഹത്തില്‍ വിശ്വസിക്കുന്നുവെങ്കില്‍, ഹിന്ദുത്വവാദികള്‍ രാഷ്ട്രീയ അത്യാഗ്രഹത്തില്‍ വിശ്വസിക്കുന്നു” രാഹുല്‍ പറഞ്ഞു.
പ്രധാനമന്ത്രി ഗംഗാ നദിയില്‍ മുങ്ങിക്കുളിച്ചപ്പോള്‍, തൊഴിലില്ലായ്മ പോലുള്ള വിഷയങ്ങളില്‍ മൗനം പാലിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ”എന്തുകൊണ്ടാണ് ഇന്ന് ആളുകള്‍ക്ക് രാജ്യത്ത് തൊഴില്‍ ലഭിക്കാത്തത്? എന്തുകൊണ്ടാണ് പണപ്പെരുപ്പം പെട്ടെന്ന് വര്‍ധിക്കുന്നത്?” രാഹുല്‍ ചോദിച്ചു. ”ലഡാക്കില്‍ ചൈന ഇന്ത്യയുടെ ഭൂമി തട്ടിയെടുത്ത് തങ്ങളുടേതാക്കി. എന്നാല്‍ ഭൂമിയൊന്നും എടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി പറയുന്നു. കുറച്ച് കഴിഞ്ഞ് പ്രതിരോധ മന്ത്രാലയം ഭൂമി കൈക്കലാക്കിയതായി പറയുന്നു. ”രാഹുല്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്ക ഗാന്ധി വദ്രയ്ക്കൊപ്പം രാഹുല്‍ ഗാന്ധി അമേഠിയില്‍ 6 കിലോമീറ്റര്‍ കാല്‍നട ജാഥ നടത്തി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോറ്റതിന് ശേഷം രണ്ടര വര്‍ഷത്തിനിടെ ഇതാദ്യമായാണ് രാഹുല്‍ അമേഠി സന്ദര്‍ശിക്കുന്നത്.