സുവര്‍ണ ക്ഷേത്രത്തില്‍ അതിക്രമിച്ചു കടന്നു എന്ന പേരില്‍ യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു

സിക്ക് മത വിശ്വാസികളുടെ പുണ്യ സ്ഥാനമായ സുവര്‍ണ ക്ഷേത്രത്തില്‍ അതിക്രമിച്ചു കടന്നെന്ന് ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. സുരക്ഷാ വേലികള്‍ ചാടിക്കടന്ന് ഗുരുഗ്രന്ഥ സാഹിബിന് സമീപം സ്ഥാപിച്ചിരുന്ന വാളില്‍ തൊട്ടു എന്ന പേരിലാണ് ഇയാളെ കൊലപ്പെടുത്താന്‍ കാരണമായത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിഖ് മതസ്ഥരുടെ വിശുദ്ധ ഗ്രന്ഥമായി കണക്കാക്കുന്നതാണ് ഗുരുഗ്രന്ഥ സാഹിബ്.

ഇന്ന് വൈകുന്നേരത്തെ പ്രാര്‍ത്ഥനയുടെ സമയത്ത് ഒരാള്‍ സുരക്ഷാ വേലി ചാടി അതീവ സുരക്ഷാ മേഖലയിലേക്ക് കടന്നു. 20-25 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവാണ് ചാടിക്കടന്നത്. അവിടെ കൂടിനിന്നിരുന്ന ആളുകള്‍ അയാളെ ഇടനാഴിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും മര്‍ദിക്കുകയുമായിരുന്നു എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്’-അമൃത്സര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പരമീന്ദര്‍ സിങ് പറഞ്ഞു.