വള്ളം മറിഞ്ഞ് പൊലീസുകാരന്‍ മരിച്ച സംഭവം ; അന്വേഷണം പ്രഖ്യാപിച്ചു

വള്ളം മറിഞ്ഞ് പൊലീസുകാരന്‍ മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു . വര്‍ക്കല പൊലീസാണ് കേസെടുത്തത്. വര്‍ക്കല ഡിവൈഎസ്പി നിയാസിനാണ് അന്വേഷണ ചുമതല. കൊലക്കേസ് പ്രതിയെ തേടിയുള്ള യാത്രക്കിടെയാണ് അപകടം ഉണ്ടായത്. പോത്തന്‍കോട് സുധീഷ് വധക്കേസിലെ പ്രതിയെ തേടിയുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. വര്‍ക്കല സിഐ പ്രശാന്തും, എസ് ബാലുവും മറ്റൊരു പൊലീസുകാരന്‍ പ്രശാന്തും സഞ്ചരിച്ച വള്ളം മറിയുകയായിരുന്നു. വള്ളക്കാരന്‍ വസന്തനും ഇവരുടെ ഒപ്പം ഉണ്ടായിരുന്നു. സിഐയും വള്ളത്തിലുണ്ടായിരുന്ന രണ്ടാമത്തെ പൊലീസുകാരനും രക്ഷപ്പെട്ടു.

ഏറെ നേരത്തെ തെരച്ചിലിന് ശേഷമാണ് ബാലുവിനെ കണ്ടെത്തിയത്. ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള ഈ ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മീന്‍ പിടിക്കാന്‍ ഉപയോഗിക്കുന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. പ്രതിയെ പിടിക്കാന്‍ പോകാന്‍ വള്ളമെടുക്കണമെന് സിഐ ആവശ്യപ്പെട്ടുവെന്നാണ് വള്ളക്കാരന്‍ വസന്തന്‍ പറയുന്നത്. വള്ളത്തിന്റെ അറ്റത്തായാണ് ബാലു ഇരുന്നിരുന്നത്. വള്ളം മുന്നോട്ട് പോയപ്പോള്‍ ബാലു എഴുന്നേറ്റുവെന്നും അപ്പോള്‍ വള്ളം മറിഞ്ഞുവെന്നുമാണ് വസന്തന്‍ പറയുന്നത്. സിഐയെയും ഒരു പൊലീസുകാരനെയും രക്ഷിക്കാന്‍ ശ്രമിച്ചു. ബാലുവും നീന്തുന്നുണ്ടായിരുന്നുവെന്നും കരയ്‌ക്കെത്തിച്ച് തിരിഞ്ഞു നോക്കിയപ്പോള്‍ ഇയാളെ കണ്ടില്ലെന്നുമാണ് വസന്തന്റെ വിശദീകരണം.

ബാലുവിന്റെ പൊലീസ് പാസിംഗ് ഔട്ട് പരേഡ് കഴിഞ്ഞ് മൂന്ന് മാസം മാത്രേ കഴിഞ്ഞിട്ടുണ്ടായിരുന്നുള്ളൂ. എസ്എപി ക്യാമ്പിലെ പൊലീസുകാരനാണ്. വര്‍ക്കല ശിവഗിരി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ബാലുവിനെ ഇവിടെ നിന്ന് പ്രതിക്കായുള്ള തെരച്ചില്‍ സംഘത്തിലേക്ക് നിയോഗിക്കുകയായിരുന്നു. സുധീഷ് വധക്കേസ് പ്രതി ഒട്ടകം രാജേഷിനെ തേടിയായിരുന്നു പൊലീസുകാരുടെ യാത്ര. ഇതിനിടെയാണ് വള്ളം മറിഞ്ഞത്.
ബാലു ഉള്‍പ്പെടെ അമ്പത് പൊലീസുകാരാണ് എസ്എപി ക്യാമ്പില്‍ നിന്ന് ശിവഗിരിയിലേക്ക് പോയത്. ഈ സംഘത്തില്‍ നിന്ന് പത്ത് പേരെ വര്‍ക്കല പൊലീസ് സ്റ്റേഷനിലേക്ക് അറ്റാച്ച് ചെയ്യുകയായിരുന്നു. പുന്നപ്ര ആലിശ്ശേരില്‍ കാര്‍ത്തികയില്‍ ഡി സുരേഷിന്റെയും അനിലാ ദാസിന്റെയും മകനാണ് ബാലു. സിവില്‍ എഞ്ചിനീയറിംഗ്, ധനതത്വശാസ്ത്രം എന്നിവയില്‍ ബിരുദധാരിയായ ബാലു അവിവാഹിതനാണ്, ഇരുപത്തിയേഴ് വയസായിരുന്നു. ആലപ്പുഴ പുന്നപ്ര സ്വദേശിയായ ബാലു ഇക്കൊല്ലം ജനുവരിയിലാണ് പരിശീലനത്തിനായി സേനയില്‍ ചേര്‍ന്നത്.