മലയാളി വിദ്യാര്‍ത്ഥികളെ അശ്ലീലക്കെണിയില്‍ കുടുക്കുന്ന രാജസ്ഥാന്‍ സംഘം പിടിയില്‍
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ മറവില്‍ വിദ്യാര്‍ത്ഥികളെ അശ്ലീലക്കെണിയില്‍ കുടുക്കുന്ന വന്‍ സംഘം പിടിയില്‍. രാജസ്ഥാനില്‍ നിന്നാണ് ഈ സംഘം പിടിയിലായത്. അശോക് പട്ടിദാര്‍, നിലേഷ് പട്ടിദാര്‍, വല്ലഭ് പട്ടിദാര്‍ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസാണ് പ്രതികളെ കുടുക്കിയത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനെന്ന പേരില്‍ കുട്ടികളെ സോഷ്യല്‍ മീഡിയ വഴി ബന്ധപ്പെട്ട ശേഷം വലയില്‍ കുടുക്കുന്നതാണ് ഇവരുടെ പദ്ധതി.
ബന്ധം സ്ഥാപിച്ച കുട്ടികളില്‍ നിന്ന് നഗ്‌ന ചിത്രങ്ങള്‍ ആവശ്യപ്പെടുകയും പിന്നീട് സോഷ്യല്‍ മീഡിയ വഴി അത് പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി കുട്ടികളില്‍ നിന്ന് പണം തട്ടുകയുമാണ് ചെയ്യാറ്. നിരവധി വിദ്യാര്‍ത്ഥികളില്‍ നിന്നായി ലക്ഷക്കണക്കിന് രൂപ സംഘം തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികളെ നാളെ കേരളത്തിലെത്തിക്കും.രാജ്യവ്യാപകമായി ഇരകളെ കുടുക്കുന്ന സംഘമാണിതെന്നും കേരളത്തില്‍ നിന്ന് നിരവധി വിദ്യാര്‍ത്ഥികളെ ഇവര്‍ വലയിലാക്കിയെന്നും പൊലീസ് പറയുന്നു.