പീഡനക്കേസില്‍ കുടുക്കി ; നിരപരാധിത്വം തെളിയിക്കാന്‍ യുവാവ് നടത്തിയ നിയമപോരാട്ടത്തില്‍ പിടിയിലായത് പെണ്‍കുട്ടിയുടെ പിതാവ്

ചെയ്യാത്ത ബലാല്‍സംഗ കുറ്റത്തിന് ജയില്‍ വാസം അനുഭവിച്ച യുവാവ് നടത്തിയ നിയമപോരാട്ടത്തില്‍ പിടിയിലായത് പെണ്‍കുട്ടിയുടെ പിതാവ്. തമിഴ് നാട്ടിലെ തേനി ജില്ലയിലാണ് സംഭവം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി എന്ന കുറ്റത്തിനാണ് 22 കാരനായ യുവാവ് പോലീസ് പിടിയിലാകുന്നത്. എന്നാല്‍ പെണ്‍കുട്ടിയുടെ പിതാവ് ആയിരുന്നു കേസിലെ യഥാര്‍ഥ പ്രതി. തമിഴ്നാട്ടിലെ തേനി ദേവദാനപ്പട്ടി സ്വദേശിയായ 48-കാരനാണ് കേസില്‍ അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പരാതിയില്‍ അറസ്റ്റിലായ യുവാവ് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നടത്തിയ നിയമപോരാട്ടമാണ് കേസില്‍ വഴിത്തിരിവായത്.

ഭാര്യയുമായി വേര്‍പിരിഞ്ഞുതാമസിക്കുന്ന 48-കാരന് 19 വയസ്സുള്ള മകനും 17-കാരിയായ മകളുമുണ്ട്. അവര്‍ ദിണ്ടിക്കലില്‍ അമ്മയ്ക്കൊപ്പമായിരുന്നു. ഈവര്‍ഷം ഫെബ്രുവരിയില്‍ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പെണ്‍കുട്ടി ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. അതേസമയം, 22-കാരനായ ഒരു ബന്ധു തന്നെ ബലാത്സംഗംചെയ്ത്ഗ ര്‍ഭിണിയാക്കിയെന്നായിരുന്നു പെണ്‍കുട്ടി പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് പോക്സോ നിയമപ്രകാരം യുവാവിനെ തേനി ഓള്‍ വുമണ്‍ പോലീസ് അറസ്റ്റുചെയ്തു. എന്നാല്‍, പിന്നീട് ജാമ്യത്തിലിറങ്ങിയ യുവാവ് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമം തുടങ്ങി.

പോലീസും ഒപ്പംനിന്നു. ഡിഎന്‍എ പരിശോധനയില്‍ യുവാവിന്റെ കുഞ്ഞല്ല എന്നുതെളിഞ്ഞതോടെ യഥാര്‍ഥകുറ്റവാളിയെ കണ്ടെത്താന്‍ വീണ്ടും അന്വേഷണം തുടങ്ങിയെന്ന് തേനി ഇന്‍സ്പെക്ടര്‍ പി. ഉഷ സെല്‍വരാജ് പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മയോട് വിവരം തിരക്കിയപ്പോള്‍ കഴിഞ്ഞവര്‍ഷം ഏതാനുംമാസം മകള്‍ അച്ഛനൊപ്പം താമസിച്ചതായി മനസ്സിലായി. തുടര്‍ന്ന്, പോലീസ് അച്ഛന്റെയും കുഞ്ഞിന്റെയും ഡി.എന്‍.എ. പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടിയുടെ പിതാവ് തന്നെയാണ് കുഞ്ഞിന്റെയും അച്ഛനെന്ന് തെളിഞ്ഞത്. അച്ഛനെ രക്ഷിക്കാന്‍ പെണ്‍കുട്ടി യുവാവിന്റെ പേര് മനഃപൂര്‍വം പറയുകയായിരുന്നു. അതേസമയം തന്റെ നിരപരാധിത്വം തെളിഞ്ഞതിനെ ആശ്വാസത്തിലാണ് യുവാവും കുടുംബവും.