പിണറായി സര്‍ക്കാരിനെ കാലത്തു കേരളത്തില്‍ നടന്നത് 47 രാഷ്ട്രീയ കൊലപാതകങ്ങള്‍ ; കൊല്ലപ്പെട്ടവരില്‍ ഏറെയും ബി ജെ പി പ്രവര്‍ത്തകര്‍

പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം സംസ്ഥാനത്ത് ഇതുവരെ നടന്നത് 47 രാഷ്ട്രീയ കൊലപാതകങ്ങളെന്ന് കണക്കുകള്‍. 2016 മേയ് 25 മുതല്‍ 2021 ഡിസംബര്‍ 19 വരെയുള്ള കണക്കാണിത്. ഈ വര്‍ഷം മാത്രം എട്ടു രാഷ്ട്രീയ കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നതെന്ന് സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. കൊല്ലപ്പെട്ടവരില്‍ ഏറെയും ബി ജെ പി പ്രവര്‍ത്തകര്‍ ആണ് . 19 ആര്‍എസ്എസ് / ബിജെപി പ്രവര്‍ത്തകരും 12 സിപിഎം/ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ഇക്കാലയളവില്‍ കൊല്ലപ്പെട്ടു. 2021ല്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ നാലു
യുവരാഷ്ട്രീയനേതാക്കളാണ് കൊല്ലപ്പെട്ടത്.

കോണ്‍ഗ്രസ്/ യൂത്ത് കോണ്‍ഗ്രസ്-4
മുസ്സിം ലീഗ്/ യൂത്ത് ലീഗ്- 6
എസ്.ഡി.പി.ഐ- 2
ഐഎന്‍ടിയുസി- 1
ഐഎന്‍എല്‍- 1 എന്നിങ്ങനെയാണ് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ കൊല്ലപ്പെട്ടവരുടെ കണക്ക്. എറണാകുളം മഹാരാജാസ് കോളജില്‍ കാംപസ് ഫ്രണ്ടുകാര്‍ കൊലപ്പെടുത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവും ഈരാറ്റുപേട്ടയില്‍ കൊല്ലപ്പെട്ട സിപിഎം വിമതന്‍ കെ എം നസീറും രാഷ്ട്രീയ കൊലക്കത്തിക്കിരയായവരുടെ പട്ടികയിലുണ്ട്.

അതുപോലെ കണ്ണൂരിനാണ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനം 11 കൊലപാതകങ്ങള്‍. എട്ടു കൊലപാതകങ്ങളുമായി തൃശൂര്‍ പിന്നില്‍ ഉണ്ട്. ക്രമസമാധാനപാലനത്തിലെ രാഷ്ട്രീയ ഇടപെടലും ക്രിമിനലുകളെ നിരീക്ഷിക്കുന്നതില്‍ പൊലീസിനും സ്‌പെഷല്‍ ബ്രാഞ്ചിനുമുണ്ടായ വീഴ്ചകളുമാണ് രാഷ്ട്രീയ അക്രമങ്ങള്‍ സംസ്ഥാനത്ത് വര്‍ധിക്കാനിടയാക്കിയതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.ആക്രമണ സാധ്യത മുന്‍കൂട്ടി കണ്ട് നടപടികള്‍ സ്വീകരിക്കുന്നതില്‍ ഇന്റലിജന്‍സ് വിഭാഗത്തിനടക്കം വീഴ്ചകള്‍ സംഭവിക്കുന്നുവെന്ന വിമര്‍ശനമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്.