പനാമ പേപ്പര്‍ വെളിപ്പെടുത്തല്‍ ; ഐശ്വര്യ റായിയെ ഇ.ഡി ചോദ്യം ചെയ്തത് അഞ്ച് മണിക്കൂര്‍

കള്ളപ്പണം സംബന്ധിച്ച പാന്‍ഡോര പേപ്പര്‍ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഐശ്വര്യ റായിയെ ഇ.ഡി ചോദ്യം ചെയ്തത് അഞ്ച് മണിക്കൂര്‍. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ താന്‍ സ്വീകരിച്ച വിദേശപണത്തിന്റെ രേഖകള്‍ ഐശ്വര്യ റായി ഇ.ഡി ക്ക് മുന്നില്‍ സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് ഉച്ചയോടെയാണ് മൊഴി നല്‍കാന്‍ ബോളിവുഡ് നടി ഐശ്വര്യ റായ് എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ ഹാജരായത്. ഇന്ന് ഹാജരാകണമെന്ന് കാണിച്ച് ഇ.ഡി നടിക്ക് നോട്ടീസ് നല്‍കിയിരുന്നു. നേരത്തെ രണ്ട് തവണ നോട്ടീസ് നല്‍കിയപ്പോഴും ഐശ്വര്യ ഹാജരായിരുന്നില്ല.

2004 മുതലുള്ള വിദേശനിക്ഷേപങ്ങളുടെ രേഖകള്‍ സമര്‍പ്പിക്കാന്‍ 2017 ല്‍ ബച്ചന്‍ കുടുംബത്തോട് ഇ.ഡി ആവശ്യപ്പെട്ടിരുന്നു. പനാമ പേപ്പറില്‍ തങ്ങളുടെ പേരുള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത വന്നതിന് പിന്നാലെ തെറ്റായ രീതിയില്‍ താനോ തന്റെ കുടുംബമോ സമ്പാദിച്ചിട്ടില്ലെന്ന് അമിതാഭ് ബച്ചന്‍ പ്രതികരിച്ചിരുന്നു. ഇന്ത്യയുള്‍പ്പെടെ 91 രാജ്യങ്ങളിലെ പ്രമുഖരുടെ കള്ളപ്പണ നിക്ഷേപ വിവരങ്ങളാണ് 2016ല്‍ പനാമ പാന്‍ഡോര പേപ്പര്‍ പുറത്തുവിട്ടത്. ഇന്ത്യയിലെ വ്യവസായികള്‍, രാഷ്ട്രീയക്കാര്‍, അന്വേഷണം നേരിടുന്നവര്‍ തുടങ്ങിയവരെല്ലാം പട്ടികയിലുണ്ട്. ക്രിക്കറ്റ് താരവും മുന്‍ രാജ്യസഭ എംപിയുമായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഭാര്യ അഞ്ജലി, ഭാര്യാപിതാവ് ആനന്ദ് മേത്ത എന്നിവര്‍ ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്റില്‍ നിക്ഷേപം നടത്തിയെന്നും പാന്‍ഡോര പേപ്പര്‍ വെളിപ്പെടുത്തുന്നു.