സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹത്തില്‍ നിന്നും വന്ന ‘ഒരു ശബ്ദം’ കേള്‍ക്കാം (വീഡിയോ)

വ്യാഴത്തിന്റെ ഉപഗ്രഹമായ ഗ്യാനിമിഡില്‍ നിന്നുമാണ് അപൂര്‍വ്വമായ ശബ്ദം ഉണ്ടായിരിക്കുന്നത്. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമാണ് വ്യാഴത്തിന്റെ ഉപഗ്രഹമായ ഗ്യാനിമിഡ്. വ്യാഴത്തെക്കുറിച്ച് പഠിക്കാനുള്ള നാസയുടെ ദൗത്യം ജുണോ കണ്ടെത്തിയ ഇലക്ട്രിക് മാഗ്‌നറ്റിക് തരംഗങ്ങളില്‍ നിന്നും ശബ്ദം ഉണ്ടാക്കി ശാസ്ത്രകാരന്മാര്‍. 50 സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ ശബ്ദം ജൂണോ മിഷന്‍ പേടകം ഗ്യാനിമിഡിന് അടുത്തുകൂടി കടന്നുപോയപ്പോള്‍ ശേഖരിച്ച ഡാറ്റയില്‍ നിന്നാണ് ഉണ്ടാക്കിയത്.

അമേരിക്കന്‍ ജിയോ ഫിസിക്കല്‍ യൂണിയന്‍ ഫാള്‍ മീറ്റിംഗ് ന്യൂ ഓര്‍ലന്‍സില്‍ നടക്കുമ്പോഴാണ് ഈ ശബ്ദം പുറത്തുവിട്ടതും ഇത് സംബന്ധിച്ച് വിശദീകരണം നല്‍കിയതും. ഈ ശബ്ദതരംഗങ്ങള്‍ ജുണോ പേടകത്തിന്റെ വേവ് ഇന്‍സ്ട്രമെന്റ്‌സാണ് പിടിച്ചെടുത്തത്. ഇലക്ട്രിക്ക്, മാഗ്‌നറ്റിക് വേവുകളാണ് വ്യാഴത്തിന്റെ ഉപഗ്രഹത്തിന്റെ മാഗ്‌നറ്റോസ്പീയറില്‍ നിന്നും ജുണോ പേടകം പിടിച്ചെടുത്തത്. ശാസ്ത്രകാരന്മാര്‍ ഇതിന്റെ ഫ്രീക്വന്‍സി ഓഡിയോ റേഞ്ചിലേക്ക് മാറ്റി ഓഡിയോ ട്രാക്ക് ആക്കുകയായിരുന്നു.

ഈ ശബ്ദം എങ്ങനെയാണ് ഗ്യാനിമിഡിന് അടുത്ത് കൂടി ജുണോ ഒരോ വട്ടവും കടന്ന് പോകുന്നത് എന്ന് വ്യക്തമാക്കുന്ന രീതിയിലാണ്. ഇത് വ്യക്തമായി കേട്ടാല്‍ ഈ ശബ്ദത്തിന്റെ മധ്യത്തിലെ ഉയര്‍ന്ന് ഫ്രീക്വന്‍സി വിവിധ തലത്തിലുള്ള ഗ്യാനിമിഡിന്റെ മാഗ്‌നറ്റോസ്പീയറിലൂടെയുള്ള പ്രവേശനം വ്യക്തമാക്കുന്നു. ജുമോ മിഷന്‍ പ്രിന്‍സിപ്പള്‍ ഇന്‍വസ്റ്റിഗേറ്റര്‍ സ്‌കോട്ട് ബോള്‍ട്ടണ്‍ പറയുന്നു. ഗ്യാനിമിഡിന്റെ ഉപരിതലത്തിന് 1,034 കിലോമീറ്റര്‍ അടുത്തുവരെ 67,000 കിലോമീറ്റര്‍ മണിക്കൂറില്‍ എന്ന കണക്കില്‍ ജുണോ സഞ്ചരിച്ചിരുന്നു എന്നാണ് നാസ പറയുന്നത്. ഇതിനൊപ്പം തന്നെ ജുണോ മിഷന്റെ വ്യാഴത്തിന്റെ വളയങ്ങളുടെ ഫോട്ടോകളും പുറത്തുവിട്ടിരുന്നു.

2011 ഓഗസ്റ്റ് അഞ്ചിനാണു ഫ്ളോറിഡയില്‍ നിന്നു ജുണോ വിക്ഷേപിച്ചത്. സൗരയൂഥത്തിലെ ഭീമന്‍ ഗ്രഹമായ വ്യാഴത്തിനെ 67 സ്വാഭാവിക ഉപഗ്രഹങ്ങള്‍ വലംവയ്ക്കുന്നുണ്ട്. വ്യാഴത്തിന്റെ ജനനത്തെക്കുറിച്ചറിയാതെ സൗരയൂഥത്തിന്റെ പിറവിയെയും ഭൂമിയുടെ ഉല്‍പ്പത്തിയെയും കുറിച്ചുള്ള പഠനം അപൂര്‍ണമാണ്. അതാണ് ജൂണോയുടെ ലക്ഷ്യവും.