21 വയസ്സിന് താഴെയുള്ള പുരുഷന് വിവാഹം കഴിക്കാതെ പരസ്പര സമ്മതപ്രകാരം പങ്കാളിക്കൊപ്പം ജീവിക്കാമെന്നു കോടതി
21 വയസില്‍ താഴെയുള്ള പ്രായപൂര്‍ത്തിയായ പുരുഷന് വിവാഹബന്ധത്തിന് പുറത്ത് സ്ത്രീയുമായി പരസ്പര സമ്മതപ്രകാരം ജീവിക്കാമെന്ന് കോടതി വിധി. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടേതാണ് വിധി. പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീക്കും വിവാഹമില്ലാതെ ഒരുമിച്ച് ജീവിക്കാമെന്ന 2018 മെയ് മാസത്തിലെ സുപ്രീം കോടതി ഉത്തരവിന് അനുസൃതമായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയില്‍ നിന്ന് ലൈവ്-ഇന്‍ റിലേഷന്‍ഷിപ്പിലുള്ള ദമ്പതികള്‍ സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ഹൈക്കോടതിയിടെ പുതിയ നിരീക്ഷണം.
പുരുഷനും സ്ത്രീയും 18 വയസ്സിന് മുകളിലുള്ളവരാണ്. പുരുഷന്മാരും നിയമപരമായി 18 വയസ്സില്‍ പ്രായപൂര്‍ത്തിയാകുന്നു. എന്നാല്‍ ഹിന്ദു വിവാഹ നിയമം അനുസരിച്ച് 21 ന് മുന്‍പ് വിവാഹം കഴിക്കാന്‍ കഴിയില്ല.
തങ്ങളുടെ ബന്ധത്തിന്റെ പേരില്‍ വീട്ടുകാരില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ആരോപിച്ച് ദമ്പതികള്‍ സംരക്ഷണത്തിനായി ഹൈക്കോടതിയെ സമീപിച്ചു. കുടുംബം തങ്ങളെ കൊലപ്പെടുത്തിയേക്കുമെന്ന് അവര്‍ ഭയപ്പെട്ടിരുന്നുവെന്ന് അവരുടെ അഭിഭാഷകന്‍ പറഞ്ഞു. ”ഓരോ പൗരന്റെയും ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കുക എന്നത് ഭരണകൂടത്തിന്റെ ഭരണഘടനാപരമായ ബാധ്യതകള്‍ക്കനുസരിച്ചുള്ള ബാധ്യതയാണ്.ഹര്‍ജിക്കാരില്‍ പുരുഷന് വിവാഹപ്രായമായിരുന്നില്ല എന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ മൗലികാവകാശം നഷ്ടപ്പെടുത്തില്ല,” ജസ്റ്റിസ് ഹര്‍നരേഷ് സിംഗ് ഗില്‍ പറഞ്ഞു.ഡിസംബര്‍ 7 ന് ദമ്പതികളുടെ അഭ്യര്‍ത്ഥനയില്‍ തീരുമാനമെടുക്കാനും അവരുടെ ജീവനും സ്വാതന്ത്ര്യത്തിനും എന്തെങ്കിലും ഭീഷണിയുണ്ടെങ്കില്‍ അവര്‍ക്ക് സംരക്ഷണം നല്‍കാനും ജഡ്ജി ഗുരുദാസ്പൂര്‍ എസ്എസ്പി യോട്‌നിര്‍ദ്ദേശിച്ചു.