സ്ത്രീകളുടെ വ്യാജ ഐ ഡി വെച്ച് മലയാളി യുവാക്കളെ ഫേസ്ബുക്ക് വഴി കുടുക്കി പണം തട്ടിയിരുന്ന സംഘം പിടിയില്‍
മലയാളി യുവാക്കളെ ഫേസ്ബുക്ക് വഴി കുടുക്കി പണം തട്ടിയിരുന്ന സംഘം പിടിയില്‍. ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ വരുന്ന പോപ് അപ്പ് അശ്ലീല ചിത്രങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ തേടി പോകുന്നവരെ കെണിയില്‍ പെടുത്തി പണം തട്ടുന്ന സംഘമാണ് പിടിയിലായത്. സമൂഹ്യമധ്യമങ്ങളില്‍ നിന്ന് സ്‌ക്രീന്‍ഷോട്ട് എടുക്കുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ അയച്ച് നല്‍കി സൗഹൃദം ആണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയും തിരികെ ലഭിക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മണി വാലറ്റുകള്‍ വഴി പണം തട്ടുന്ന സംഘത്തെ രാജസ്ഥാനിലെ വിവിധ ഗ്രാമങ്ങളില്‍ നിന്ന് കേരള പൊലീസ് ആണ് സാഹസികമായി പിടികൂടിയത്.
പിടിക്കപ്പെടാതിരിക്കാന്‍ സംഘം ഉപയോഗിച്ചത് രാജസ്ഥാനിലെ ഗോത്ര വംശജരില്‍ നിന്ന് കൈക്കലാക്കിയ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വാങ്ങിയ മൊബൈല്‍ സിം കാര്‍ഡുകളും മണി വാലറ്റുകളുമാണ്. അതിനാല്‍ തന്നെ ഇവരെ കണ്ടെത്തുന്നത് പൊലീസിന് വളരെ ശ്രമകരമായിരുന്നു. ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനു വേണ്ടി ആണ് പ്രതികള്‍ ഉപയോഗിച്ചത്. പ്രതികളുടെ ഇ മെയില്‍ വിവരങ്ങളും, ഇരകളില്‍ നിന്ന് മണി വാലറ്റുകളില്‍ ലഭിച്ച പണം ചിലവാക്കുന്ന രീതികളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ രാജസ്ഥാന്‍ ജില്ലയിലെ ഉദയപ്പൂര്‍, ദുഗാര്‍പൂര്‍, ബന്‌സ്വാര എന്നീ ജില്ലകളില്‍ ഉള്ളവരാണെന്ന് മനസിലാക്കി നടത്തിയ അന്വേഷണമാണ് പ്രതികളിലെക്ക് പൊലീസിനെ എത്തിച്ചത്.
വാലറ്റിലൂടെ മൊബൈല്‍ റീ ചാര്‍ജ് നടത്തിയ ആളുകളോടു ചോദിച്ച് കടകളുടെ വിലാസം മനസ്സിലാക്കി. ഒരു കടക്കാരനു തട്ടിപ്പു സംഘത്തിലെ ആളുടെ വ്യക്തിവിവരങ്ങള്‍ അറിയാമായിരുന്നു. തട്ടിപ്പുകാരിലൊരാള്‍ ഭാര്യയുടെ അക്കൗണ്ടിലേക്കു പണം അയച്ചതും സംഘത്തെക്കുറിച്ച് സൂചന നല്‍കി. ഇവര്‍ ഫാസ്ടാഗ് റീ ചാര്‍ജ് ചെയ്യുന്ന ഉദയ്പുരിലെ ടോള്‍ പ്ലാസയിലൂടെ ഒരു വണ്ടി സ്ഥിരമായി കടന്നു പോകുന്നുണ്ടെന്ന വിവരം ലഭിച്ചു. വണ്ടിയുടെ സര്‍വീസ് വിവരം എടുത്തപ്പോള്‍ അതില്‍ മൊബൈല്‍ നമ്പര്‍ ഉണ്ടായിരുന്നു. തട്ടിപ്പു സംഘത്തിന്റെ കാറാണിതെന്ന് അന്വേഷണത്തില്‍ മനസ്സിലായി. തുടര്‍ന്ന് ഒരാഴ്ചയോളം ഇവിടെ താമസിച്ച് പൊലീസ് പ്രതികളെ നിരീക്ഷിച്ചു. ഇവര്‍ക്ക് രാജസ്ഥാനില്‍ സഹായം ഒരുക്കിയത് മലയാളിയും രാജസ്ഥാന്‍ ജോധ്പൂര്‍ കമ്മീഷണറുമായ ജോസ്മോന്‍ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ്. സംഘത്തിലെ പൊലീസുകാരന്റെ അനുജന്‍ സ്ഥലത്തെ വെറ്ററിനറി ഡോക്ടറാണ്. നാട്ടുകാരെ കുറിച്ചുള്ള വിവരങ്ങളെല്ലാം അറിയാവുന്ന ഡോക്ടറാണ് തട്ടിപ്പു സംഘത്തിലെ വല്ലഭിന്റെ വീടിനെക്കുറിച്ച് സൂചന നല്‍കിയത്.
വല്ലഭിനെ കസ്റ്റഡിയിലെടുത്തപ്പോള്‍ സംഘത്തിലെ മറ്റുള്ളവരുടെ വിവരം ലഭിച്ചു. രാവിലെ ഏഴു മണിക്കു തട്ടിപ്പു സംഘത്തിലുള്ളവര്‍ വീട്ടില്‍ നിന്നിറങ്ങും. ഒഴിഞ്ഞ പറമ്പിലും തുറസ്സായ സ്ഥലങ്ങളിലും ഇരുന്ന് ലാപ്‌ടോപ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. മടങ്ങിയെത്തുമ്പോള്‍ രാത്രി 12 മണി കഴിയും. വീട്ടിലിരുന്ന് തട്ടിപ്പ് നടത്തില്ല. പുലര്‍ച്ചെ രണ്ടരയ്ക്ക് കേരള പൊലീസും രാജസ്ഥാന്‍ സ്‌പെഷല്‍ പൊലീസും ഗ്രാമത്തിലെത്തി. രാജസ്ഥാന്‍ പൊലീസ് ടെറസു വഴി വീടിനുള്ളിലേക്ക് ഇറങ്ങി മുന്‍വാതില്‍ തുറന്ന് കേരള പൊലീസിനെ വീട്ടിനുള്ളില്‍ എത്തിച്ചു.ഇവരുടെ സംഘത്തില്‍ അകപ്പെട്ടവരില്‍ കൂടുതലും വിദ്യാര്‍ത്ഥികള്‍ ആണെന്ന് പൊലീസ് പറയുന്നു.
സി.ബി.ഐ സൈബര്‍ വിഭാഗം ഉദ്യോഗസ്ഥര്‍ എന്ന തരത്തിലാണ് ഇവര്‍ ഇരകളെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നത്. മാന നഷ്ടം ഭയന്ന് പരാതിപ്പെടാന്‍ ആരും തയ്യാറാകാത്തത് ഇവര്‍ക്ക് ഗുണകരമായി. വല്ലഭ് പഠിടാര്‍ (23), അശോക് പഠിടാര്‍ (26), നിലേഷ് പഠിടാര്‍ (19) എന്നിവരാണ് പിടിയിലായത്. പത്ത് ലക്ഷം രൂപ നഷ്ടപെട്ട തിരുവനന്തപുരം സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ശ്യാം ലാല്‍ കേസെടുക്കുകയും രണ്ടു മാസം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങുന്നത്. ?തലേദിവസമായിരുന്നു നിലേഷിന്റെ കല്യാണം. ദുഗാര്‍പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കേരള പൊലീസിന് കൈമാറി. തുടര്‍ന്ന് ഇവരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.