പിങ്ക് പൊലീസ് അപമാനിച്ച പെണ്‍കുട്ടിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് പരസ്യ വിചാരണ ചെയ്ത എട്ടുവയസ്സുകാരിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി. കോടതിച്ചെലവായി 25,000 രൂപ കെട്ടിവയ്ക്കണമെന്നും ഉത്തരവിലുണ്ട്. പെണ്‍കുട്ടിയോടും പിതാവിനോടും മോശമായി പെരുമാറിയ ഉദ്യോഗസ്ഥയെ ക്രമസമാധാനച്ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും കോടതി വിധിയില്‍ പറയുന്നു. അതേസമയം പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കില്ലെന്ന സര്‍ക്കാര്‍ നിലപാടിന് തിരിച്ചടിയാണ് കോടതിവിധി.

പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം എത്ര നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ നഷ്ടപരിഹാരത്തുക നല്‍കാനാവില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. പൊതുജനമധ്യത്തില്‍ അപമാനിക്കപ്പെട്ട എട്ട് വയസുകാരിക്ക് ജീവിതം കരുപ്പിടിപ്പിക്കാന്‍ സമൂഹവും സര്‍ക്കാരും തുണയാകേണ്ടതുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം. ഇതിന് മറുപടിയായി കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിക്കാന്‍ തയ്യാറാക്കിയ മറുപടിയിലാണ് നഷ്ടപരിഹാര തുക നല്‍കാന്‍ കഴില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

കേസില്‍ മൗലികാവകാശങ്ങളുടെ ലംഘനം ഉണ്ടായിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ കോടതി വിധി സര്‍ക്കാരിന് എതിരാണ്. ആരോപണ വിധേയായ പൊലീസ് ഉദ്യോഗസ്ഥ രജിതയ്‌ക്കെതിരെ കടുത്ത നടപടി എടുക്കാത്തതില്‍ സര്‍ക്കാരിനെ രൂക്ഷ ഭാഷയില്‍ കോടതി നേരത്തേ വിമര്‍ശിച്ചിരുന്നു. സ്ഥലംമാറ്റം ശിക്ഷയല്ലെന്നും അച്ചടക്ക നടപടി വൈകുന്നതെന്ത് കൊണ്ടാണെന്നും കോടതി ചോദിച്ചു. ഉദ്യോഗസ്ഥയെ വൈറ്റ് വാഷ് ചെയ്യാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി.

ആറ്റിങ്ങലിലാണ് മോഷണം ആരോപിച്ച് അച്ഛനെയും മകളെയും അപമാനിച്ച സംഭവം നടന്നത്. ഐ.എസ്.ആര്‍ഒയുടെ ഭീമന്‍ വാഹനം വരുന്നത് കാണാന്‍ എത്തിയതായിരുന്നു തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരിയായ മകളും. ഇവര്‍ നില്‍ക്കുന്നതിന് സമീപത്തായി പിങ്ക് പൊലീസിന്റെ വാഹനവും പാര്‍ക്ക് ചെയ്തിരുന്നു. ഇതിനിടെയാണ് മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ തന്നോടും മകളോടും മോശമായി പെരുമാറിയതെന്ന് ജയചന്ദ്രന്‍ പറയുന്നു. മൊബൈല്‍ ഫോണ്‍ പിന്നീട് പൊലീസ് വാഹനത്തില്‍ നിന്നു തന്നെ കണ്ടെത്തി.