ഓപ്പോ, ഷവോമി, വണ്‍പ്ലസ് ഓഫീസുകളില്‍ വന്‍ റെയ്ഡ് ; കാരണം നികുതി വെട്ടിപ്പ്

പ്രമുഖ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോ, ഷവോമി, വണ്‍പ്ലസ് അടക്കമുള്ള കമ്പനികളുടെ ഓഫീസുകളില്‍ ഇന്‍കം ടാക്‌സ് വകുപ്പിന്റെ വമ്പന്‍ റെയിഡ്. രാജ്യവ്യാപകമായുള്ള ഓഫീസുകളിലും കമ്പനി വൃത്തങ്ങളുടെ വസതികളിലും റെയ്ഡ് തുടരുകയാണ്. ഡല്‍ഹി, മുംബൈ, ബംഗളൂരു, ഗ്രേറ്റര്‍ നോയിഡ, കൊല്‍ക്കത്ത, ഗുവാഹത്തി, ഇന്‍ഡോര്‍, ഹൈദരാബാദ് അടക്കമുള്ള നഗരങ്ങളിലാണ് ആദായ നികുതി വകുപ്പിന്റെ അപ്രതീക്ഷിത നീക്കം. വലിയ തോതില്‍ നികുതി വെട്ടിപ്പ് നടത്തിയതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിവരം.

രാജ്യവ്യാപകമായി വിവിധ കമ്പനികളുടെ 15ഓളം ഓഫീസുകളിലാണ് റെയ്ഡ് നടക്കുന്നത്. ഇന്നലെ ആരംഭിച്ച ഊര്‍ജിതമായ റെയ്ഡ് ഇന്നു വൈകിയും തുടരുകയാണ്. ഓഫീസുകളിലെ അന്വേഷണത്തിനു പുറമെ കമ്പനി സിഇഒമാരെ വിശദമായി ചോദ്യം ചെയ്യുന്നതായും വിവരമുണ്ട്. അതേസമയം, റെയ്ഡിന്റെ വിശദാംശങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. റെയ്ഡിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാനായിട്ടില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ഇതുവരെ കമ്പനികളും തയാറായിട്ടില്ല. രാജ്യത്തു ഏറെ ജനപ്രിയമായ ബ്രാന്‍ഡുകള്‍ ആണ് ഓപ്പോയും വണ്‍ പ്ലസും. യുവാക്കളാണ് മുഖ്യമായും ഇവരുടെ ഉപഭോക്താക്കള്‍.