കെ റെയിലിന് പിന്നിലെ ലക്ഷ്യം വായ്പാ തുകയിലെ കമ്മീഷന്‍ : എന്‍കെ പ്രേമചന്ദ്രന്‍ എം.പി
സംസ്ഥാന സര്‍ക്കാര്‍ എന്ത് വില കൊടുത്തും നടപ്പിലാക്കാന്‍ ശ്രമിക്കുന്ന കെ റെയില്‍ പദ്ധതിക്ക് എതിരെ എന്‍കെ പ്രേമചന്ദ്രന്‍ എം.പി. പദ്ധതിക്ക് ഫണ്ട് നല്‍കുന്ന ജൈക്ക(Japan International Cooperation Agency)യില്‍ നിന്നു വായ്പ എടുത്ത് കമ്മീഷന്‍ വാങ്ങാനാണ് കെ റെയില്‍ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ പണി റിയല്‍ എസ്റ്റേറ്റ് ആണോയെന്നും എന്‍കെ പ്രേമചന്ദ്രന്‍ എം.പി ചോദിക്കുന്നു. റെയില്‍വേയില്‍ നിന്ന് വ്യക്തമായ അനുമതിയില്ലെന്നും മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ധിക്കാരത്തോടെ സര്‍വേകല്ലുകള്‍ സ്ഥാപിക്കുകയാണെന്നും എംപി പറഞ്ഞു.
സില്‍വര്‍ ലൈനിനെ എതിര്‍ക്കാത്തവര്‍ യുഡിഎഫിനെ പിന്നില്‍ നിന്ന് കുത്തിമലര്‍ത്തുകയാണെന്ന് ശശി തരൂരിന്റെ നിലപാടിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവേ അദ്ദേഹം വ്യക്തമാക്കി. പല മേഖലകളില്‍ നിന്നുള്ളവര്‍ കനത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാന്‍ തിരക്ക് കൂട്ടുകയാണ്. പദ്ധതിക്ക് വ്യക്തമായ പഠനം നടന്നിട്ടില്ല എന്ന വെളിപ്പെടുത്തല്‍ വന്നതിനു ശേഷവും സര്‍ക്കാര്‍ പിന്മാറാന്‍ തയ്യറാകാത്തത് ഇതിനു പിന്നില്‍ വലിയ ഒരു ഗൂഢാലോചന അരങ്ങേറുന്നു എന്നതിന്റെ തെളിവാണ്.