തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ബൈറ്റ് വേവ് ഡിജിറ്റലിനെ അമേരിക്കന്‍ കമ്പനി സാഡ ഏറ്റെടുത്തു

തിരുവനന്തപുരം : ഗൂഗിള്‍ ക്ലൗഡ് പങ്കാളിയും, ഇന്നവേറ്റീവ് ടെക്നോളജി കമ്പനിയുമായ തിരുവനന്തപുരം ടെക്നോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ബൈറ്റ് വേവ് ഡിജിറ്റലിനെ അമേരിക്കന്‍ കമ്പനി സാഡ ഏറ്റെടുത്തു. ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ ബൈറ്റ് വേവ് ഡിജിറ്റല്‍ ഇനി മുതല്‍ സാഡ ഇന്ത്യ എന്നറിയപ്പെടും. വാണിജ്യ സാങ്കേതിക മേഖലകളിലെ പ്രമുഖ കണ്‍സള്‍ട്ടന്‍സിയും ഗൂഗില്‍ ക്ലൗഡിന്റെ പ്രധാന പങ്കാളിയുമാണ് അമേരിക്കന്‍ കമ്പനിയായ സാഡ. തിരുവനന്തപുരം കൂടാതെ പൂനെയിലും ഓഫീസുള്ള ബൈറ്റ് വേവിനെ ഏറ്റെടുക്കുന്നതിലൂടെ സാഡയുടെ പ്രവര്‍ത്തനം ഏഷ്യ പസഫിക് മേഖലയിലേക്ക് കൂടി വ്യാപിപ്പിച്ചുകൊണ്ട് ഗൂഗിള്‍ ക്ലൗഡിനെ കൂടുതല്‍ ജനകീയമാക്കുകയാണ് ലക്ഷ്യം.

നൂതനമായ സാങ്കേതിക ആശയങ്ങള്‍ മുന്നോട്ട് വെക്കുകയും ഉപഭോക്താക്കളെ ഗൂഗിള്‍ ക്ലൗഡിലും ഗൂഗിള്‍ വര്‍ക് സ്‌പേസിലും മറ്റും വ്യവസായത്തിലൂടെ അതിവേഗം വളരാനും, വിപുലീകരിക്കാനും, മാറ്റങ്ങളോട് പ്രതികരിക്കാനും പ്രാപ്തമാക്കുന്ന സേവനമാണ് ബൈറ്റ് വേവ് ഡിജിറ്റല്‍ നല്‍കുന്നത്. ഇരു കമ്പനിയും ഒന്നാകുന്നതോടെ ആഗോള തലത്തിലുള്ള ഉപഭോക്താക്കള്‍ക്ക് 24 മണിക്കൂര്‍ ഔദ്യോഗിക സേവനം ലഭ്യമാകുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു. ലയനത്തോടെ സാഡയുടെ പ്രവര്‍ത്തനം ഏഷ്യ പസിഫിക്ക് മേഖലയിലേക്ക് വ്യാപിക്കും

‘സാഡയും ബൈറ്റ് വേവ് ഡിജിറ്റലും സംയുക്തമായി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മികവുറ്റ സേവനമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കി വരുന്നത്. ഞങ്ങളുടെ തന്ത്രപ്രധാനമായ ബന്ധത്തിന്റെ മുന്നോട്ടുള്ള കാല്‍വെയ്പ്പാണ് ഇത്’- സാഡയുടെ സിഓഓ ഡാന ബര്‍ഗ് പറഞ്ഞു.
ഉപഭോക്താക്കള്‍ക്ക് കൃത്യമായ സേവനങ്ങള്‍ നല്‍കാനുള്ള ബൈറ്റ് വേവിന്റെ ഉത്സാഹവും പരിചയ സമ്പത്തും, പ്രസക്തമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നതില്‍ സാഡ പുലര്‍ത്തി വരുന്ന മികവും ഒത്തു ചേരുമ്പോള്‍, ആഗോള ഉപഭോക്താക്കളുടെ വര്‍ദ്ധനവിനും ഗൂഗിള്‍ ക്ലൗഡിന്റെ വളര്‍ച്ചയ്ക്കും ഏറ്റെടുക്കല്‍ വഴിതെളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘സാഡയുടെ പങ്കാളിയെന്ന നിലയില്‍, ബൈറ്റ് വേവ് സാധാരണ നിലയില്‍ നിന്നും ഗൂഗിള്‍ ക്ലൗഡിന്റെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പങ്കാളിയെന്ന നിലയിലേക്ക് വലിയ വളര്‍ച്ചയാണ് കൈവരിച്ചത്. ലയനം പൂര്‍ത്തിയായതോടെ ഉപഭോക്താക്കള്‍ക്ക് നവീനമായ അവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ആകാംശയിലാണ് തങ്ങളെന്ന് ബൈറ്റ് വേവ് ഡിജിറ്റലിന്റെ പ്രസിഡന്റും സിഇഒയും കൂടിയായ ബിജു ചന്ദ്രശേഖരന്‍ പറഞ്ഞു. ‘ഗുഗിളിലേക്ക് വരുമ്പോള്‍ സാഡ അത്യന്താപേക്ഷിതമായ ഒന്നാണ്. സാഡയുടെ ആഗോള വളര്‍ച്ചയുടെ ഭാഗമാവുന്നതിലും, അതിന്റെ ഏഷ്യ പസിഫിക്ക് മേഖലയിലേക്കുള്ള അരങ്ങേറ്റത്തില്‍ സഹായിക്കുന്നതിലും, അങ്ങേയറ്റം സന്തോഷമാണ്’ എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ഗൂഗിള്‍ ക്ലൗഡിന്റെ അംഗീകൃത പങ്കാളിയായ സാഡ വ്യാവസായിക ലക്ഷ്യങ്ങള്‍ നേടി എടുക്കാന്‍ ഉദകുന്ന തരത്തില്‍, വെല്ലുവിളികള്‍ക്ക് അപ്പുറത്തേക്ക് ഗൂഗിള്‍ ക്ലൗഡിനെ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഗൂഗിള്‍ ക്ലൗഡിന്റെ അംഗീകൃത പങ്കാളിയാണ് സാഡ. ഉത്പാദന വര്‍ദ്ധനവിനും, മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിനും, പ്രാപ്തിയും മികവും കൂട്ടുന്നതിനും, ക്ലൗഡ് കേന്ദ്രീകൃതമായ അപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതിനും, വ്യവസായത്തെ സൈബര്‍ ഭീഷണിയില്‍ നിന്ന് സംരക്ഷിക്കുന്നതിനും, വിവരങ്ങള്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്നതിനും സ്ഥാപനങ്ങളുടെ വൈദഗ്ദ്ധ്യം പൂര്‍ണ്ണമായി ഉപയോഗപ്പെടുത്താനും സാഡ സഹായിക്കുന്നു.