പോത്തന്‍കോട് ഗുണ്ടാ ആക്രമണം തുടര്‍കഥയാകുന്നു ; 17കാരിക്കും പിതാവിനും മര്‍ദ്ദനമേറ്റു
ഗുണ്ടാ സംഘങ്ങളുടെ വിളനിലമായി പോത്തന്‍ കൊട് മാറുന്നുവോ. യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയതിന്റെ ഭീതി മാറുന്നതിനു മുന്നേ നാലംഗ സംഘത്തിന്റെ ആക്രമണത്തില്‍ പിതാവിനും 17 വയസുകാരിയായ മകള്‍ക്കും പരിക്ക്. വെഞ്ഞാറമൂട് സ്വദേശിയായ ഷാ, മകള്‍ നൗറിന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. കവര്‍ച്ചാകേസ് പ്രതിയുടെ നേതൃത്വത്തിലായിരുന്നു അക്രമണെന്ന് പോത്തന്‍കോട് പോലീസ് അറിയിച്ചു. ബുധനാഴ്ച രാത്രി എട്ടരയോടെ കാട്ടായിക്കോണം പോത്തന്‍കോട് റോഡിലായിരുന്നു സംഭവം. ഗുണ്ടാസംഘത്തിന്റെ വാഹനത്തില്‍ വെഞ്ഞാറമൂട് ഷായും മകളും സഞ്ചരിച്ച വാഹനം തട്ടിയെന്നാരോപിച്ചായിരുന്നു അക്രമം. ശേഷം ഗുണ്ടാസംഘം യാത്രക്കാരെ കുറുകെ പിടിക്കുകയും പിതാവിനെ അസഭ്യം പറയുകയും പെണ്‍കുട്ടിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌തെന്നുമാണ് പരാതി. ഷായും മകളും പോത്തന്‍കോട് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.
ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് മടങ്ങിയ നാലംഗ ഗുണ്ടാസംഘം യാത്രക്കാരായ അച്ഛനും മകളെയും ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കടന്ന് പിടിക്കാനും ശ്രമിച്ചു. നിരവധി കേസുകളിലെ പ്രതിയും മാസങ്ങള്‍ക്ക് പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ച് നൂറ് പവന്‍ സ്വര്‍ണ്ണം കവര്‍ന്ന കേസിലെ പ്രതിയുമായ ഫൈസലിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മര്‍ദിച്ചത്. പോത്തന്‍കോട് പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമികള്‍ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തതായി പൊലീസും അറിയിച്ചു. ഇന്നലെ രാത്രി തന്നെ പ്രതികളെ പിന്തുടര്‍ന്ന് പിടിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സംഘം വാഹനം ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് വിശദീകരിച്ചു.
കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്ത് ഗുണ്ടാ ആക്രമണങ്ങളുണ്ടായിരുന്നു. ബാലരാമപുരത്ത് ലഹരിക്കടിമകളായ യുവാക്കള്‍ രണ്ട് പേരെ വെട്ടുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. ബൈക്കിലെത്തിയ രണ്ടു യുവാക്കളാണ് പത്തിലധികം വാഹനങ്ങള്‍ തകര്‍ത്തത്. ആക്രമണത്തില്‍ കാര്‍ യാത്രക്കാരനായ ജയചന്ദ്രന്‍, ബൈക്ക് യാത്രക്കാരിയായ ഷീബാ കുമാരി എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.