പഞ്ചാബില്‍ കോടതി സമുച്ചയത്തില്‍ സ്‌ഫോടനം ; രണ്ടുമരണം
പഞ്ചാബിലെ ലുധിയാന കോടതി സമുച്ചയത്തില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. ജില്ലാ കോടതി കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിക്ക് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെ കോടതി ചേരുന്നതിനിടെയായിരുന്നു സ്‌ഫോടനം നടന്നത്. ഉഗ്രശേഷിയുള്ള സ്‌ഫോടനത്തില്‍ ശുചിമുറി പൂര്‍ണ്ണമായി തകര്‍ന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് കോടതി കെട്ടിടം ഒഴിപ്പിച്ചു. പൊലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഫോറന്‍സിക് സംഘം പരിശോധന നടത്തുകയാണ്. സ്ഫോടന കാരണം എന്താണെന്ന് വ്യക്തമല്ല.
പൊലീസ് പ്രദേശം വളഞ്ഞിരിക്കുകയാണ്. എന്‍ഐഎ സംഘവും സ്ഥലത്ത് എത്തും. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബിന്റെ സമാധാനം തകര്‍ക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി പറഞ്ഞു. കുറ്റക്കാരെ ഉടന്‍ കണ്ടെത്തുമെന്നും ലുധിയാന സന്ദര്‍ശിക്കുമെന്നും ചന്നി വ്യക്തമാക്കി. സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഉപമുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചു. സഫോടനത്തില്‍ അന്വേഷണം വേണമെന്ന് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ആവശ്യപ്പെട്ടു. കോടതി സമുച്ചയത്തിനുള്ളില്‍ പൊട്ടാത്ത രണ്ട് ബോംബുകളും കണ്ടെത്തി. സ്‌ഫോടനത്തെ തുടര്‍ന്ന് കോടതി കെട്ടിടം ഒഴിപ്പിച്ചു. പൊലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഫോറന്‍സിക് സംഘം പരിശോധന നടത്തുകയാണ്.