പിന്നോട്ടില്ല ; കെ- റെയില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും : പിണറായി വിജയന്‍

കെ-റയില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. എതിര്‍പ്പുകളെ തുടര്‍ന്ന് സംസ്ഥാനത്ത് പദ്ധതികള്‍ നടപ്പാക്കാനാവാത്ത കാലം കഴിഞ്ഞു ദേശീയ പാത വികസനം, ഗെയില്‍ പൈപ്പ് ലൈന്‍ തുടങ്ങിയ പദ്ധതികള്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. പിന്നീട് എതിര്‍ത്തവര്‍ തന്നെ പദ്ധതികള്‍ക്ക് ഒപ്പം നിന്നു. വന്‍കിടപദ്ധതികള്‍ക്ക് സ്ഥലമേറ്റെടുക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘കെ.എ.എസ് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ച കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഒരുപാട് എതിര്‍പ്പുകള്‍ ഉയര്‍ന്നു വന്നിരുന്നു. പക്ഷേ, ആ എതിര്‍പ്പുകള്‍ പലതും പലവിധത്തിലുള്ള തെറ്റിദ്ധാരണകളില്‍ നിന്നുണ്ടായതാണ്. ഏതു പുതിയ പരിഷ്‌കാരം വരുമ്പോഴും ചിലര്‍ അതിനെ അതിനെ എതിര്‍ക്കും. അതിനെ ശാസ്ത്രീയമായി അപഗ്രഥിക്കുക, എതിര്‍പ്പിന്റെ വശങ്ങളാണ് എന്ന് കൃത്യമായി മനസ്സിലാക്കുക. അങ്ങനെ മുമ്പോട്ടു പോകാന്‍ തയ്യാറായാല്‍ ഇത്തരം എതിര്‍പ്പുകളെയെല്ലാം നേരിടാന്‍ കഴിയും എന്നതാണ് കഴിഞ്ഞ സര്‍ക്കാറിന്റെ അനുഭവം.’- മുഖ്യമന്ത്രി പറഞ്ഞു.

‘ദേശീയ പാതാ വികസനം, ഗൈല്‍ പൈപ്പ്ലൈന്‍, കൊച്ചി-ഇടമണ്‍ പവര്‍ ഹൈവേ… ഇങ്ങനെ പല കാര്യങ്ങളിലും അതിശക്തമായ എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ ആ എതിര്‍പ്പില്‍ കാര്യമില്ല എ്ന്ന് കാര്യകാരണ സഹിതം പറയുകയും നമ്മുടെ നാടിന്റെ ഭാവിക്ക്, വരും തലമുറയ്ക്ക് ഈ പദ്ധതി ഒഴിച്ചുകൂടാത്തതാണ് എന്നവരോട് വിശദീകരിക്കുകയും ചെയ്തപ്പോള്‍ നേരത്തെ എതിര്‍ത്തവര്‍ തന്നെ നല്ല മനസ്സോടെ പദ്ധതിയെ അനുകൂലിക്കാനും സഹായിക്കാനും മുമ്പോട്ടുവന്നു. ഇത്തരം പദ്ധതികളുടെ ഗുണഫലം അനുകൂലിക്കുന്നവര്‍ക്കു മാത്രമല്ല, എതിര്‍ക്കുന്നവര്‍ക്കും ലഭ്യമാകുന്നുണ്ട്.’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഒരു കാലത്ത് കേരളത്തിലുണ്ടായിരുന്ന പൊതുചിന്ത ഓ.. ഇവിടെയൊന്നും നടക്കില്ല എന്നായിരുന്നു. എന്നാല്‍ സ്ഥിതി മാറി. കാര്യങ്ങള്‍ നടപ്പാക്കാന്‍ ആകും എന്ന നില വന്നപ്പോള്‍ അതേ ആളുകള്‍ തന്നെ ഇവിടെ പലതും നടക്കും എന്ന് ആത്മവിശ്വാസത്തോടെ പറയുന്ന നിലയുണ്ടായി. ആദ്യം നിരാശയുടെ വാക്കുകളായിരുന്നു എങ്കില്‍ പിന്നീടത് പ്രത്യാശയുടേതായി. നാടിന്റെ വികസനം യാഥാര്‍ത്ഥ്യമാകുന്നതിന് പോസിറ്റീവായ സമീപനം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.