1200 റെയ്ഡ് , 220 പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍ തലസ്ഥാനത്തു ഗുണ്ടകള്‍ക്ക് പൂട്ടിടാന്‍ പൊലീസ്

തലസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളെ ഒതുക്കാന്‍ പോലീസ്. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ തിരച്ചിലില്‍ 220 പിടികിട്ടാപ്പുള്ളികളെ പൊലീസ് അറസ്റ്റ് ചെയ്തു. വാറണ്ടുള്ള 403 പേരും പൊലീസ് പിടിയിലായി. തലസ്ഥാനത്ത് 1200 ഇടങ്ങളിലാണ് ഇന്ന് പൊലീസ് റെയ്ഡ് നടത്തിയത്. 68 ലഹരി മരുന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ രണ്ട് മാസത്തിനിടെ 21 ഗുണ്ടാ ആക്രമങ്ങളാണ് തിരുവനന്തപുരത്ത് നടന്നത്. പല ഇടങ്ങളിലും ഗുണ്ടാ സംഘങ്ങള്‍ ഇപ്പോള്‍ സജീവമാണ്.

ഓട്ടോ റിക്ഷയിലും ബൈക്കുകളിലുമെത്തിയ 11 അംഗ ഗുണ്ടാ സംഘം പോത്തന്‍കോട് സ്വദശി സുധീഷിനെ വെട്ടിക്കൊന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേരളം അറിഞ്ഞത്. സുധീഷിന്റെ ഇടത് പാദം വെട്ടിമാറ്റി ബൈക്കില്‍ കൊണ്ട് പോയ് പരസ്യമായി റോഡിലെറിഞ്ഞു. ഗുണ്ടാക്കുടിപ്പകയാണ് കൊലപാതകത്തിന് പിന്നില്‍. സുധീഷിന്റെ സഹോദരി ഭര്‍ത്താവടക്കം 12 പേരാണ് പ്രതികള്‍. മുഖ്യപ്രതി ഒട്ടകം രാജേഷിനെ അന്വേഷിച്ച് പോയ പൊലിസുകാരന്‍ കായലില്‍ വീണ് മരിച്ചു. സംഭവം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷം എല്ലാ പ്രതികളും പിടിയിലായി.

അതുപോലെ കഴിഞ്ഞ മാസം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ഗുണ്ടാ നേതാവായ കണിയാപുരം മസ്താന്‍ മുക്ക് സ്വദേശി ഫൈസല്‍, അനസെന്ന വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ അനസിന്റെ രണ്ട് പല്ലുകള്‍ നഷ്ടമായി. സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുമ്പോള്‍ താക്കോല്‍ ഊരിയെടുക്കാന്‍ ശ്രമിച്ചത് തടഞ്ഞതോടെയാണ് അനസിനെ ഫൈസല്‍ മര്‍ദ്ദിച്ചത്. ഫൈസലിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ച എസ്‌ഐ തുളസീധരന്‍ നായരെ പിന്നീട് സസ്‌പെന്റ് ചെയ്തു. പല ഇടങ്ങളിലും പോലീസും ഗുണ്ടകളും തമ്മിലുള്ള സൗഹൃദവും ഇപ്പോള്‍ സാധാരണമാണ്. ഇത് പല കേസുകളില്‍ നിന്നും കുറ്റവാളികള്‍ക്ക് രക്ഷപെടാന്‍ അവസരം ഒരുക്കുന്നുണ്ട്.