കുര്‍ബാന ഏകീകരണം ; ക്രിസ്തുമസ് ദിനത്തില്‍ ഉപവാസ സമരവുമായി വൈദികര്‍
കുര്‍ബാന ഏകീകരണത്തില്‍ കനത്ത പ്രതിഷേധവുമായി വൈദികര്‍. എറണാകുളം – അങ്കമാലി അതിരൂപതാ വൈദികര്‍ ക്രിസ്മസ്സിന് രാവില 10 മുതല്‍ 3 വരെ മേജര്‍ ആര്‍ച്ചു ബിഷപ് മന്ദിരത്തില്‍ ഉപവസിക്കും. ഫ്രാന്‍സിസ് മാര്‍പാപ്പ നൈയാമികമായി എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ആര്‍ച്ചുബിഷപ് ആന്റണി കരിയില്‍ വഴി അനുവദിച്ചു തന്ന ഒഴിവ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെയും മറ്റു സിനഡ് പിതാക്കന്മാരുടെയും ഗൂഢ തന്ത്രത്തെ ശക്തമായി അപലപിക്കുന്നുവെന്ന് അതിരൂപതാ സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ പറഞ്ഞു. ക്രിസ്മസ് ദിനത്തിലാണ് ദൈവത്തെ മനുഷ്യന്‍ മുഖത്തോട് മുഖം കാണുന്നത്. ഇനി മുതല്‍ ദൈവത്തെ കാണേണ്ടത് മനുഷ്യരിലാണെന്ന ബോധമുധിച്ച രാത്രിയാണത്.
ദൈവത്തിന്റെ മുഖം നാം ക്രിസ്മസ്സില്‍ ദര്‍ശിക്കുമ്പോള്‍ വി. കുര്‍ബാനയില്‍ മനുഷ്യരുടെ മുഖം ക്രിസ്തുവിന് നിഷേധിക്കുന്നതിലുള്ള സങ്കടമാണ് ഞങ്ങള്‍ ക്രിസ്മസ് ദിനത്തിലെ ഉപവാസം വഴി ലോകത്തോട് മൗനമായി പറയുന്നത്. ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷവും സമാധാനവും ജനാഭിമുഖ കുര്‍ബാന തന്നെയാണ്. അതിരൂപതയിലെ എല്ലാ പള്ളികളിലും ജനാഭിമുഖമായി തുടരാന്‍ ഞങ്ങളക്ക് അനുവാദം നല്‍കിയത് കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷനാണ്. അതില്ലാതാക്കി ഞങ്ങളുടെ പള്ളികളില്‍ വന്ന് സിനഡ് കുര്‍ബാന ചൊല്ലാനുള്ള നീക്കത്തില്‍ നിന്ന് പിതാക്കന്മാര്‍ പിന്മാറാണമെന്നും ഇവിടത്തെ രീതിയനുസരിച്ച് മാത്രമേ കുര്‍ബാന ചൊല്ലാന്‍ വൈദികരും അല്മായരും അനുവദിക്കുകയുള്ളു വെന്നും അതിരൂപത സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ പ്രസ്താവിച്ചു.
‘വി. കുര്‍ബാനയില്‍ ക്രിസ്തുവിനു പുറംതിരിഞ്ഞു നിന്നുള്ള അനുഷ്ഠാന രീതി ഞങ്ങള്‍ അനുവദിക്കുകയില്ലായെന്നാണ് ഈ പട്ടിണി സമരത്തിലൂടെ പ്രഖ്യാപിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ സിനഡാലിറ്റിയെക്കുറിച്ച് ആഗോള സഭയില്‍ ചര്‍ച്ച ചെയ്യുന്നത് മെത്രാന്മാര്‍ മാത്രമല്ല സഭ എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ചിന്തയെ അരക്കിട്ട് ഉറപ്പിക്കാനാണ്. 1968 മുതല്‍ ഞങ്ങളുടെ അതിരൂപതയില്‍ ചൊല്ലിവരുന്ന ജനാഭിമുഖ കുര്‍ബാന 1999 മുതല്‍ 2021 വരെ ഇവിടെയും മറ്റു ഏതാനും രൂപതകളിലും സിനഡ് തീരുമാനത്തില്‍ നിന്നുള്ള നൈയ്യാമികമായ ഒഴിവായി ചൊല്ലിവരികയായിരുന്നു.
ഈ രൂപതകളിലെ വൈദികരോടൊ അല്മായരോടൊ അഭിപ്രായം തേടാതെ ലിറ്റര്‍ജി പിതാക്കന്മാര്‍ മാത്രം നിശ്ചയിക്കേണ്ട കാര്യമാണെന്നു പറഞ്ഞ് തീരുമാനമെടുക്കുന്നത് ക്രിസ്തീയത തൊട്ടുതീണ്ടാത്ത ധാര്‍ഷ്ട്യമാണ്. അടിച്ചേല്പിക്കലിന്റെ വഴികള്‍ അള്‍ത്താരാഭിമുഖ കുര്‍ബാന പോലെ കാലഹരണപ്പെട്ട രീതിയാണ്. അത് അംഗീകരിച്ചു കൊടുക്കാന്‍ ഈ അതിരൂപതയിലെ വൈദികരോ അല്മായരോ തയ്യാറല്ല. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പറയുന്നു,’ അജപാലന കാര്യങ്ങളില്‍ മെത്രാന്മാര്‍ വൈദികരുമായി ചര്‍ച്ച നടത്തണം. (മെത്രാന്മാര്‍ 3). ഏകാധിപത്യ ശൈലിയില്‍ ഇതു സംഭവിക്കാത്തതാണ് ഇന്നത്തെ പ്രതിസന്ധിക്കു കാരണമെന്നും തങ്ങളുടെ ജീവിത സാഹചര്യങ്ങളോടും സംഭവങ്ങളോടും സജീവമായി പ്രതികരിക്കുക എന്നതാണ് വൈദികരുടെ കടമയെന്നും അതിരൂപതാ സംരക്ഷണ സമിതി പി.ആര്‍.ഒ ഫാ. ജോസ് വൈലികോടത്ത് പ്രസ്താവിച്ചു.