മേയറുടെ കാര്‍ വാഹനവ്യൂഹത്തിലേക്ക് കയറ്റാന്‍ ശ്രമം ; രാഷ്ട്രപതിയുടെ യാത്രക്കിടെ വന്‍ സുരക്ഷാവീഴ്ച

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കേരള സന്ദര്‍ശനത്തിനിടെ വന്‍ സുരക്ഷാ വീഴ്ച്ച. ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പൂജപ്പുരയിലേക്ക് വരുന്നതിനിടെ രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനം കയറ്റാന്‍ ശ്രമിച്ചതാണു പ്രശ്‌നമായത്. ഇന്നലെ രാവിലെ 11. 05 നാണ് രാഷ്ട്രപതി കൊച്ചിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയത്. വിമാനത്താവളത്തില്‍ നിന്ന് പി എന്‍ പണിക്കര്‍ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കാന്‍ പൂജപ്പുരയിലേക്ക് പോകും വഴിയാണ് സുരക്ഷാ വീഴ്ച്ച ഉണ്ടായത്. വിമാനത്താവളത്തില്‍ രാഷ്ട്രപതിയെ സ്വീകരിക്കാന്‍ മേയര്‍ ആര്യാ രാജേന്ദ്രനും ഉണ്ടായിരുന്നു. രാഷ്ട്രപതിയുടെ വാഹനവ്യൂഹം പുറപ്പെട്ടതിന് ശേഷമാണ് മേയറുടെ വാഹനം വിമാനത്താവളത്തില്‍ നിന്ന് ഇറങ്ങിയത്. രാഷ്ട്രപതിക്കൊപ്പം പൂജപ്പുരയിലെ പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാല്‍ മേയറുടെ വാഹനം വിവിഐപി വാഹനവ്യൂഹത്തിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചു.

തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് മുതല്‍ ജനറല്‍ ആശുപത്രി വരെയുള്ള ഭാഗം വരെ രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന് സമാന്തരമായി മേയറുടെ വാഹനം സഞ്ചരിച്ചു. ജനറല്‍ ആശുപത്രിക്ക് സമീപം വച്ച് മേയറുടെ വാഹനം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലെ എട്ടാമത്തെ വണ്ടിക്ക് ഇടയില്‍ കയറി. പുറകിലുള്ള വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്കിട്ടതിനാല്‍ അപകടം ഒഴിവായി. പതിനാല് വാഹനങ്ങളാണ് രാഷ്ട്രപതിയുടെ വ്യൂഹത്തിലുണ്ടായിരുന്നത്. കേന്ദ്ര ഇന്റലിജന്‍സ് സംഭവത്തില്‍ അന്വേഷണം തുടങ്ങി. പ്രോട്ടോകോള്‍ പ്രകാരം പ്രധാനമന്ത്രി പ്രസിഡന്റ് എന്നിവരുടെ യാത്രകളില്‍ വന്‍ സുരക്ഷയാണ് ഉണ്ടാകേണ്ടത്. അതിനിടെ വാഹന വ്യൂഹത്തിലേക്ക് തിരുവനന്തപുരം മേയറുടെ വാഹനം കയറ്റാന്‍ ശ്രമിച്ചത് ഗൗരവകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് അന്യവാഹനം കയറിയത് സുരക്ഷാവീഴ്ചയാണ്. മേയര്‍ക്കും കുറ്റക്കാര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

പ്രോട്ടോകോള്‍ ലംഘനം മനസിലാവാത്തത് മേയര്‍ക്ക് മാത്രമാണ്. രാഷ്ട്രപതിയുടെ കേരള സന്ദര്‍ശനത്തില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ വലിയ വീഴ്ചയാണ് വരുതിയത്. അദ്ദേഹത്തിന്റെ വാഷ്‌റൂമില്‍ വെള്ളമില്ലാത്ത സാഹചര്യം ഉണ്ടായെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. കേരളത്തിന് മുഴുവന്‍ നാണക്കേടുണ്ടാക്കുന്ന പ്രവര്‍ത്തനമാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായ അലംഭാവത്തെ കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേരള സന്ദര്‍ശനത്തിന് ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദില്ലിക്ക് മടങ്ങി. ഇന്നലെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കുടുംബത്തോടൊപ്പം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കേന്ദ്ര സഹമന്ത്രി വി മുരളീധരനും ഒപ്പമുണ്ടായിരുന്നു. ദര്‍ശനത്തിന് ശേഷം ക്ഷേത്രത്തിന്റെ വടക്കേനടയില്‍ വച്ച് ക്ഷേത്രം ട്രസ്റ്റി അംഗങ്ങള്‍ അദ്ദേഹത്തിന് ഉപഹാരങ്ങള്‍ സമ്മാനിച്ചു.