മുഹമ്മദ് നബിയെ അപമാനിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമായി കണാനാകില്ല ; പുടിന്‍
ഇസ്ലാം പ്രവാചകന്‍ മുഹമ്മദ് നബിയെ അപമാനിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യ പ്രകടനമായി കണാനാകില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ . പ്രവാചകനെ അപമാനിക്കുന്നത് മതസ്വാതന്ത്ര്യ ലംഘനവും ഇസ്ലാം മത വിശ്വാസികളായ ആളുകളുടെ വിശുദ്ധ വികാരങ്ങളെ താഴ്ത്തിക്കെട്ടുന്നതുമാണ്. തന്റെ വാര്‍ഷിക വാര്‍ത്താ സമ്മേളനത്തിലായിരുന്നു പുടിന്റെ ഇത്തരത്തിലുള്ള പരാമര്‍ശം.
പ്രവാചകന്റെ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ പാരീസിലെ ഷാര്‍ലി ഹെബ്ദോ മാസികയുടെ എഡിറ്റോറിയല്‍ ഓഫീസിന് നേരെ ആക്രമണമുണ്ടായ സംഭവം ഉദാഹരിച്ച് പുടിന്‍ ഓര്‍മിപ്പിച്ചു. പൊതുവെ ആവിഷ്‌കാര സ്വാതന്ത്ര്യം അല്ലെങ്കില്‍ കലാസ്വാതന്ത്ര്യത്തെ പുകഴ്ത്തുമ്പോള്‍, അതിനും അതിന്റേതായ പരിമിതികളുണ്ടെന്നും, മറ്റ് സ്വാതന്ത്ര്യങ്ങളെ ഹനിക്കുന്നതാവരുത് ഈ സ്വാതന്ത്ര്യങ്ങളെന്നും പുടിന്‍ പറഞ്ഞു.
രണ്ടാം ലോകമഹായുദ്ധത്തില്‍ മരിച്ച റഷ്യക്കാര്‍ക്ക് വേണ്ടിയെന്ന് പറയുന്നതു, ഇമ്മോര്‍ട്ടല്‍ റെജിമെന്റ് എന്ന തലക്കെട്ടിലുള്ളതുമായ വെബ്സൈറ്റുകളില്‍ നാസികളുടെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നതിനെയും പുടിന്‍ വിമര്‍ശിച്ചു. ഇത്തരം നടപടികള്‍ തീവ്രവാദ പ്രതികാര നടപടികള്‍ക്ക് കാരണമാകും. റഷ്യ ഒരു വൈവിധ്യമായ വംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന രാഷ്ട്രമായി പരിണമിച്ചിരിക്കുകയാണ്. റഷ്യക്കാര്‍ ഇത്തരം പാരമ്പര്യങ്ങളെ പരസ്പരമുള്ള ബഹുമാനിക്കാന്‍ പരിചിതരായവരാണെന്നും പുടിന്‍ പറഞ്ഞു.