കുട്ടികളുണ്ടാക്കൂ ; 25 ലക്ഷത്തിന്റെ ലോണ്‍ നിങ്ങളെ കാത്തിരിക്കുന്നു

ജനസംഖ്യാ വര്‍ദ്ധനവ് പല രാജ്യങ്ങള്‍ക്കും ഭീഷണിയാണ്. ജനസംഖ്യയില്‍ മുന്നിലാണ് ഇന്ത്യക്കാര്‍. ഇന്ത്യയ്ക്ക് തൊട്ടുമുന്‍പില്‍ ഒന്നാം സ്ഥാനത്ത് ചൈന ഉണ്ട് എങ്കിലും അവിടെയിപ്പോള്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 140 കോടിയാണ് നിലവില്‍ ചൈനയിലെ ജനസംഖ്യ. എന്നാല്‍ ചൈനയില്‍ ജനസംഖ്യ കുത്തനെ ഇടിയുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരു കാലത്ത് കൂടുതല്‍ കുട്ടികള്‍ ഉണ്ടായാല്‍ ജയില്‍ ശിക്ഷവരെ പൗരന്മാര്‍ക്ക് നല്‍കി വന്നിരുന്ന ചൈന ഇപ്പോള്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയാണ്.

വടക്കുകിഴക്കന്‍ ചൈനയിലെ ജിലിന്‍ പ്രവിശ്യയാണ് ഏറ്റവുമൊടുവില്‍ ജനസംഖ്യാ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പുതിയ ജനപ്രിയ പ്രഖ്യാപനങ്ങളുമായി രംഗത്തെത്തിയത്. വിവാഹം കഴിച്ച് കുട്ടികളുണ്ടാക്കുന്നവര്‍ക്ക് രണ്ടു ലക്ഷം യുവാന്‍(ഏകദേശം 25 ലക്ഷം രൂപ) ലോണ്‍ നല്‍കാനായി ബാങ്കുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്നാണ് ജിലിന്‍ പ്രവിശ്യാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. ‘മാര്യേജ് ആന്‍ഡ് ബര്‍ത്ത് കണ്‍സ്യൂമര്‍ ലോണ്‍സ്’ എന്ന പേരിലുള്ള പുതിയ പദ്ധതിയില്‍ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് പലിശനിരക്കിലും ഇളവുണ്ടാകും.ജനസംഖ്യാ വര്‍ധനയ്ക്കായി വേറെയും ക്ഷേമപദ്ധതികള്‍ ജിലിന്‍ ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു പ്രവിശ്യകളിലെ കുട്ടികളുള്ള ദമ്പതികള്‍ ഇവിടെ രജിസ്റ്റര്‍ ചെയ്താല്‍ അവര്‍ക്ക് റസിഡന്‍സ് പെര്‍മിറ്റ് നല്‍കും.

പ്രവിശ്യയിലെ എല്ലാ പൊതുസേവനങ്ങളും അവര്‍ക്കു ലഭിക്കുകയും ചെയ്യും. മൂന്നോ അതിലധികമോ കുട്ടികളുള്ളവര്‍ക്ക് ചെറുകിട സംരംഭങ്ങള്‍ തുടങ്ങിയാല്‍ നികുതി ഇളവും വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രസവാവധിയും പിതൃത്വ അവധിയും ജിലിന്‍ ഭരണകൂടം നീട്ടിയിട്ടുണ്ട്. നേരത്തെ 158 ദിവസമായിരുന്നു പ്രസവാവധി. ഇത് 180 ആക്കി നീട്ടിയിട്ടുണ്ട്. പിതൃത്വ അവധി 15ല്‍നിന്ന് 25 ആക്കിയും ഉയര്‍ത്തിയിട്ടുണ്ട്. ഇതോടൊപ്പം കുട്ടികള്‍ക്ക് മൂന്നു വയസാകുംവരെ ഓരോ വര്‍ഷവും 20 ദിവിസം മാതൃത്വ-പിതൃത്വ അവധിയും ലഭിക്കും. ലോകത്ത് കൊറോണ വ്യാപനത്തിന് പിന്നാലെ അമ്മമാര്‍ ആകുവാന്‍ സ്ത്രീകള്‍ മടിക്കുന്നു എന്ന ഒരു പഠന റിപ്പോര്‍ട്ടും ഇതിനിടയില്‍ വന്നിരുന്നു. അത് ഇങ്ങനെ തുടര്‍ന്നാല്‍ ലോകത്ത് തന്നെ ജനസംഖ്യാ നിരക്കില്‍ വന്‍ കുറവ് വരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.