ക്രിസ്മസ് ആഘോഷത്തിനിടെ പള്ളിയില്‍ ഹിന്ദുത്വ പ്രവര്‍ത്തകരുടെ അക്രമം

ഗുരുഗ്രാമില്‍ ഉള്ള ഒരു പള്ളിയിലാണ് ക്രിസ്മസ് ആഘോഷത്തിനിടെ ഹിന്ദുത്വ പ്രവര്‍ത്തകരുടെ അക്രമം ഉണ്ടായത്. വ്യാഴാഴ്ച വൈകീട്ടാണ് ഒരു കൂട്ടം ഹിന്ദുത്വ പ്രവര്‍ത്തകര്‍ ‘ജയ് ശ്രീരാം’, ‘ഭാരത് മാതാ കീ ജയ്’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കി പള്ളിയില്‍ അതിക്രമിച്ചു കയറിയത്. ഇവര്‍ സ്റ്റേജില്‍ കയറി ഗായകസംഘത്തെ തള്ളിത്താഴെയിടുകയും മൈക്ക് കേടുവരുത്തുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഗുരുഗ്രാമില്‍ തുറന്നസ്ഥലങ്ങളില്‍ ജുമുഅ നമസ്‌കാരം നടത്തുന്നത് ഹിന്ദുത്വസംഘടനകള്‍ വ്യാപകമായി തടസ്സപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെയും അക്രമം നടന്നിരിക്കുന്നത്. ”ചര്‍ച്ചിന് ചുറ്റും സ്ത്രീകളും കൂട്ടികളും കൂടിനില്‍ക്കുന്നതിനിടെയാണ് അക്രമമുണ്ടായത്. ഓരോ ദിവസം കൂടുംതോറം ശല്യം കൂടിവരികയാണ്. ഇത് ഞങ്ങളുടെ പ്രാര്‍ത്ഥിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ്”- പ്രദേശത്തെ ഒരു പാസ്റ്റര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. എന്നാല്‍ സംഭവത്തെക്കുറിച്ച് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല എന്നാണ് പൊലീസ് ഭാഷ്യം.