എസ്ഡിപിഐയും ആര്‍എസ്എസും മതനിരപേക്ഷതയെ തകര്‍ക്കുന്നു എന്ന് മുഖ്യമന്ത്രി

എസ്ഡിപിഐയും ആര്‍എസ്എസും സംസ്ഥാനത്തെ മതനിരപേക്ഷതയെ തകര്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്ന് മറ്റൊന്നിന് വളമാകുകയാണ്. വര്‍ഗീയതയെ മറ്റൊരു വര്‍ഗീയത കൊണ്ട് നേരിടുകയല്ല വേണ്ടതെന്നും കേരളത്തിന്റെ തനിമ തകര്‍ക്കാനുള്ള ശ്രമത്തെ ഗൗരവമായി കാണണമെന്നും മുഖ്യന്ത്രി വ്യക്തമാക്കി. വഖഫില്‍ മുസ്ലിമിന് എന്തോ അപകടം പറ്റിയെന്നുള്ള പ്രതീതി സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലീഗ് അതിന് പ്രത്യേക സമ്മേളനം വിളിച്ചു. മുസ്ലിമിന്റെ വികാരം പ്രകടിപ്പിക്കാന്‍ വന്നവര്‍ വിളിച്ച മുദ്രാവാക്യം അറിഞ്ഞില്ലേ എന്ന് മുഖ്യമന്ത്രി ചോദിക്കുന്നു. തെറ്റായ രീതിയില്‍ ഒരു വിഭാഗത്തെ ഇളക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും മുസ്ലിം ലീഗ് രാഷ്ട്രീയപാര്‍ട്ടിയുടെ സ്വഭാവം ഉപേക്ഷിക്കുകയാണെന്നും പിണറായി പറഞ്ഞു.

മുസ്‌ളിം ലീഗ് യൂ ഡി എഫിലെ ഒന്നാമത്തെ പാര്‍ട്ടിയാണെന്ന് ചിലപ്പോള്‍ അവര്‍ കരുതുന്നു. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കീഴില്‍ മുസ്‌ളിംകള്‍ക്ക് രക്ഷയില്ല എന്ന് വരുത്തിത്തീര്‍ക്കാന്‍ നോക്കി. ലീഗിന്റെ സമ്മേളനത്തിലെ ആള്‍ക്കൂട്ടം സ്വയംഭൂവായി ഉണ്ടായതാണെന്ന് അവര്‍ പ്രചരിപ്പിച്ചു. മുസ്‌ളിമിന്റെ വികാരം പ്രകടിപ്പിക്കാന്‍ എന്ന് പറഞ്ഞ് എത്തിയവര്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ നിങ്ങള്‍ കേട്ടില്ലേ. സമ്മേളനത്തില്‍ തന്റെ അച്ഛന്റെ പേരും വലിച്ചിഴച്ചു. നാടിന്റെ വികസത്തിനെതിരെ പ്രതിപക്ഷം നില്‍ക്കുന്നു. ഇപ്പൊ വേണ്ട എന്ന് അവര്‍ പറയുന്നു. ഇപ്പോള്‍ ഇല്ല എങ്കില്‍ പിന്നെ എപ്പോള്‍ എന്നതാണ് ചോദ്യം. ?ഗെയിലും ദേശീയ പാതയും നടപ്പാക്കിയില്ലേ. ഒരു നാടിനെ ഇന്നില്‍ തളച്ചിടാന്‍ നോക്കരുത്. വരുന്ന തലമുറയുടെ ശാപം ഉണ്ടാക്കാന്‍ ഇടയാക്കരുത്. നമ്മുടെ ഇച്ഛാശക്തിക്ക് മുന്നില്‍ മഹാമാരിക്ക് പോലും അടിയറവ് പറയേണ്ടി വന്നു.

കെ റെയില്‍ വിഷയത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. എന്താണ് കെ-റെയിലിനെതിരായ എതിര്‍പ്പിന്റെ അടിസ്ഥാനമെന്ന് മുഖ്യമന്ത്രി ചോദിച്ചു. ജനങ്ങള്‍ നാട്ടില്‍ ഇത്തരം കാര്യങ്ങള്‍ നടക്കണമെന്ന് ആഗ്രഹിക്കുന്നു. എതിര്‍പ്പുണ്ടെന്നു കരുതി ഒരുപദ്ധതിയും എല്‍ഡിഎഫ് സര്‍ക്കാര്‍ ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒമിക്രോണില്‍ നല്ല ജാഗ്രത കാണിക്കണം. വാക്‌സിനെടുക്കാത്തവര്‍ വേഗം എടുക്കണം. ബിജെപിയെ നേരിടുന്നതില്‍ പ്രാദേശിക പാര്‍ട്ടികളെ പ്രോല്‍സാഹിപ്പിക്കുകയാണ് വേണ്ടത്. അതിനൊപ്പം കമ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടാകും. കണ്ണൂരില്‍ ചേരാന്‍ പോകുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാറപ്രത്ത് സിപിഎം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.