വാഹന മോഷണം ; പൊലീസ് കോണ്‍സ്റ്റബിളടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

ബാംഗ്ലൂര്‍ സിറ്റി കേന്ദ്രീകരിച്ചു വാഹന മോഷണം നടത്തി വന്ന സംഘം പിടിയില്‍. പൊലീസ് കോണ്‍സ്റ്റബിളും മൂന്ന് കൂട്ടാളികളുമടങ്ങുന്ന ബൈക്ക് മോഷണ സംഘമാണ് അറസ്റ്റിലായത്. ഇവരില്‍ രണ്ടു പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. 77 ലക്ഷം രൂപ വിലമതിക്കുന്ന 53 ഇരുചക്രവാഹനങ്ങള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തു. ബംഗളൂരു വിദ്യാരണ്യപുര പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ ഹൊന്നപ്പ ദുരദപ്പ മലഗി എന്ന രവിയാണ് മുഖ്യപ്രതി. 26 കാരനായ രമേശ്, 17 വയസുള്ള രണ്ടുപേര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുപ്രതികള്‍. പെട്ടെന്ന് പണം സമ്പാദിക്കുന്നതിനായി രവി വിദ്യാരണ്യപുരയിലെ ടൂവീലര്‍ സര്‍വീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന പയ്യന്‍മാരെ കൂട്ടുപിടിക്കുകയായിരുന്നു.

രമേശിന്റെ സഹായത്തോടെ ഇയാള്‍ പദ്ധതി തയ്യാറാക്കി. ഇതിനിടെ, മോഷ്ടിച്ച വാഹനങ്ങള്‍ വില്‍ക്കാന്‍ മുഖ്യപ്രതി രമേശിനോട് പറഞ്ഞു. അതിനുശേഷം കുറ്റാരോപിതനായ കോണ്‍സ്റ്റബിള്‍ അവര്‍ക്ക് വിദ്യാരണ്യപുരയിലെ വാടകവീട്ടില്‍ അഭയം നല്‍കുകയും ചെയ്തു. നന്ദിനി ലേഔട്ട്, വിജയനഗര്‍, ഗംഗമ്മ സര്‍ക്കിള്‍, പീനിയ, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് വാഹനങ്ങള്‍ മോഷ്ടിച്ചത്.ഓണ്‍ലൈന്‍ പരസ്യ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് രവി വില്‍പ്പനയ്ക്കുള്ള ബൈക്കുകളുടെ വിശദാംശങ്ങള്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് ഇവര്‍ മോഷ്ടിച്ച വാഹനങ്ങളുടെ നമ്പര്‍ മാറ്റുകയും വ്യാജ ആര്‍സി ബുക്കുണ്ടാക്കുകയും ചെയ്തു. കര്‍ണാടകയുടെ വടക്കന്‍ ജില്ലകളിലാണ് ബൈക്കുകള്‍ വില്‍പ്പന നടത്തിയത്. ഒക്ടോബര്‍ 29ന് രാജാജിനഗര്‍ ഇന്‍ഡസ്ട്രിയല്‍ ടൗണിലെ വ്യവസായിയുടെ വീടിന് പുറത്ത് നിന്ന് ബൈക്ക് മോഷ്ടിച്ച സംഭവത്തിലെ പരാതി അന്വേഷിക്കുന്നതിനിടയിലാണ് കോണ്‍സ്റ്റബിളിന്റെ പങ്ക് കണ്ടെത്തിയത്.