കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ചു ; പൊലീസ് ജീപ്പിന് തീവെച്ചു

കിഴക്കമ്പലത്ത് പൊലീസീനെ ആക്രമിച്ച അന്യസംസ്ഥാന തൊഴിലാളികള്‍ പോലീസ് ജീപ്പിനു തീവെച്ചു. രാത്രി 12 മണിയ്ക്കായിരുന്നു സംഭവം. കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലെ ജീവനക്കാരെയാണ് ഇവര്‍ ആക്രമിച്ചത്. ഇന്‍സ്പെക്ടറടക്കം അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസുകാരെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊഴിലാളികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതോടെയാണ് പൊലീസ് സ്ഥലത്തെത്തിയത്.. പ്രശ്നം പരിഹരിക്കാന്‍ ഇടപെട്ട പൊലീസ് സംഘത്തിന് നേരേ അതിഥി തൊഴിലാളികള്‍ ആക്രമണം നടത്തുകയായിരുന്നു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.

ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്കിടയില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പൊലീസുകാര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇവര്‍ ഒരു പൊലീസ് ജീപ്പിന് തീവെക്കുകയും ചെയ്തു. രണ്ടു വാഹനങ്ങള്‍ക്ക് നേര ആക്രമണമുണ്ടായി. ഇതില്‍ ഒരു വാഹനം പൂര്‍ണമായും കത്തിച്ചു. മറ്റു പോലീസ് വാഹനങ്ങളുടെ താക്കോല്‍ ഊരിക്കൊണ്ടുപോയി. സ്ഥലത്തെത്തിയ നാട്ടുകാര്‍ക്കുനേരെ കല്ലെറിയുകയും ചെയ്തു. അതേസമയം സംഭവത്തില്‍ 24 തൊഴിലാളികളുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സി.ഐയെ അക്രമിച്ച 18 പ്രതികള്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. പൊലീസ് വാഹനം കത്തിച്ച കേസില്‍ ആറുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. പെരുമ്പാവൂര്‍ എഎസ്പി അനൂജ് പലിവാലിന്റെ നേതൃത്വത്തില്‍ 19 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ക്രിസ്മസ് ആഘോഷത്തിനിടെ തൊഴിലാളികള്‍ ചേരിതിരിഞ്ഞു ഏറ്റുമുട്ടിയതാണ് ഒടുവില്‍ തെരുവ് യുദ്ധത്തില്‍ കലാശിച്ചത്.