ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ സമയത്തിലും മാറ്റം

യു.എ.ഇയിലെ അവധി ദിനങ്ങളിലെ മാറ്റം പ്രാബല്യത്തില്‍ വരുന്നതോടെ ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ സമയവും മാറും. ജനുവരി മൂന്ന് മുതലാണ് മെട്രോ, ബസ്, ട്രാം സമയങ്ങള്‍ മാറുക. അതേസമയം സൗജന്യ പാര്‍ക്കിങ് വെള്ളിയാഴ്ചകളില്‍ മാത്രമായി തുടരും. ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് (ആര്‍.ടി.എ) ഇക്കാര്യം അറിയിച്ചത്. പുതിയ അവധി ദിനമായ ഞായറാഴ്ച രാവിലെ എട്ട് മുതല്‍ പുലര്‍ച്ച 1.15 വരെയായിരിക്കും മെട്രോ സര്‍വീസ്. വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ അഞ്ച് മുതല്‍ പുലര്‍ച്ചെ 2.15 വരെ സര്‍വീസ് നടത്തും. മറ്റ് ദിവസങ്ങളില്‍ രാവിലെ അഞ്ച് മുതല്‍ പുലര്‍ച്ച 1.15 വരെ മെട്രോ ഓടും. ദുബൈ ട്രാം ഞായറാഴ്ചകളില്‍ രാവിലെ ഒമ്പത് മുതല്‍ പുലര്‍ച്ച ഒന്ന് വരെ സര്‍വീസ് നടത്തും. മറ്റ് ദിവസങ്ങളില്‍ രാവിലെ ആറ് മുതല്‍ പുലര്‍ച്ച ഒന്ന് വരെയായിരിക്കും സര്‍വീസ്. തിരക്ക് അനുസരിച്ച് ബസ് സമയങ്ങളിലും മാറ്റമുണ്ടാകും.

സൗജന്യ പാര്‍ക്കിങ് നിലവിലേത് പോലെ വെള്ളിയാഴ്ചയും പൊതു അവധി ദിവസങ്ങളിലും തന്നൊയിയിരിക്കും. ഫ്ളോട്ടിങ് ബ്രിഡ്ജ് അടക്കുന്ന സമയം രാത്രി പത്ത് മുതല്‍ രാവിലെ ആറ് വരെയായി പുതുക്കി. ഫെബ്രുവരി രണ്ട് മുതലായിരിക്കും ഇത് പ്രാബല്യത്തില്‍ വരുന്നത്. ആര്‍.ടി.എയുടെ പ്രധാന ഓഫിസുകള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ല. വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ ഉച്ചക്ക് 12 വരെ തുറക്കും. മറ്റ് ദിവസങ്ങളില്‍ രാവിലെ 7.30 മുതല്‍ ഉച്ചക്ക് 3.30 വരെയായിരിക്കും പ്രവര്‍ത്തന സമയം. ആര്‍.ടി.എയുടെ സാങ്കേതിക പരിശോധന കേന്ദ്രങ്ങള്‍ ശനിയാഴ്ച അവധിയായിരിക്കും. വെള്ളിയാഴ്ച വൈകുന്നേരം നാല് മുതല്‍ ഒമ്പത് വരെ പ്രവര്‍ത്തിക്കും. കസ്റ്റമര്‍ കേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മുതല്‍ രാത്രി 7.30 വരെ പ്രവര്‍ത്തിക്കും. ശനിയും ഞായറും അവധിയായിരിക്കും. വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12 വരെ പ്രവര്‍ത്തിക്കും.