ലഹരി ഉപയോഗം ; സംസ്ഥാനത്ത് ഡി.ജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

സംസ്ഥാനത്ത് ഡി.ജെ പാര്‍ട്ടികള്‍ക്ക് പൊലീസിന്റെ നിയന്ത്രണം. ലഹരി ഉപയോഗത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നാണ് പൊലീസ് നിയന്ത്രണം കടുപ്പിച്ചത്. രാത്രി 10 ന് ശേഷം ഡി.ജെ പാര്‍ട്ടി നടത്താന്‍ പാടില്ല. പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ പൊലീസിന് നല്‍കണം. പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ ഹോട്ടല്‍ ഉടമ പൊലീസിന് നല്‍കണം. പാര്‍ട്ടികളില്‍ കര്‍ശന പരിശോധന നടത്താനും ഡി.ജി.പി അനില്‍കാന്ത് നിര്‍ദ്ദേശം നല്‍കി.

അതുപോലെ സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചിരിക്കുന്ന ഇടങ്ങളില്‍ മാത്രമേ പാര്‍ട്ടി നടത്താവു. പൊലീസ് ആവശ്യപ്പെടുന്ന മുറയ്ക്ക് ദൃശ്യങ്ങള്‍ ലഭ്യമാക്കണം. ഈ നിബന്ധനകള്‍ അംഗീകരിച്ചില്ലങ്കില്‍ പാര്‍ട്ടി നടത്താന്‍ അനുവദിക്കില്ലെന്നുമാണ് പൊലീസിന്റെ നിലപാട്. രണ്ട് ഹോട്ടലുകള്‍ക്ക് പൊലീസ് നോട്ടിസ് നല്‍കിയിട്ടുണ്ട്. ഇതേ മാതൃകയില്‍ സംസ്ഥാനത്തെ മുഴുവന്‍ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും മാളുകള്‍ക്കും നോട്ടിസ് നല്‍കുവനാണ് തീരുമാനം. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ പല ഡി ജെ പാര്‍ട്ടികളിലും ലഹരി ഉപയോഗം നടക്കുന്നു എന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടന്ന റെയിഡുകളില്‍ ധാരാളം പേര് പിടിയിലായിരുന്നു.