സംഗീത നാടക അക്കാദമി തലപ്പത്തേക്ക് എം.ജി ശ്രീകുമാറിന് പരിഗണന ; രൂക്ഷ വിമര്‍ശവുമായി ഇടത് സൈബര്‍ പോരാളികള്‍
കേരള സംഗീത നാടക അക്കാദമി തലപ്പത്തേക്ക് എം.ജി ശ്രീകുമാറിന് പരിഗണന എന്ന വാര്‍ത്ത വന്നതിനു പിന്നാലെ നടപടിക്ക് എതിരെ രൂക്ഷ വിമര്‍ശവുമായി ഇടത് സൈബര്‍ പോരാളികള്‍. കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായി ഗായകന്‍ എം.ജി ശ്രീകുമാറിനെ നാമനിര്‍ദേശം ചെയ്തുവെന്ന വാര്‍ത്തകളില്‍ രൂക്ഷമായ പ്രതിഷേധ പ്രതികരണങ്ങള്‍. സംഘ് പരിവാര്‍ അനുഭാവം പരസ്യമായി പ്രകടിപ്പിക്കുകയും ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രചരണത്തിനിറങ്ങുകയും ചെയ്ത ശ്രീകുമാറിനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ രാഷ്ട്രീയ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ അടക്കമുള്ളവരാണ് സമൂഹമാധ്യമങ്ങളില്‍ പരസ്യ പ്രതികരണവുമായി രംഗത്തു വന്നത്.
ദേശാഭിമാനി മുന്‍ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ എന്‍ മാധവന്‍കുട്ടി, എഴുത്തുകാരി ശാരദക്കുട്ടി, ഇടതുപക്ഷ പ്രഭാഷകന്‍ ശ്രീചിത്രന്‍ എം.ജെ, ഡോ. ആസാദ്, മുന്‍ പെരുമ്പാവൂര്‍ സബ് ജഡ്ജി എസ് സുദീപ് തുടങ്ങി നിരവധി പേര്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി. ‘പരസ്യമായി ബി ജെപി സ്ഥാനാര്‍ത്ഥിക്കു വോട്ടു ചോദിച്ച മോഡി ഭക്തനായ എം ജി ശ്രീകുമാര്‍ എന്ന സിനിമ ഗായകനെ കേരള സംഗീത നാടക അക്കാദമിയുടെ അധ്യക്ഷനായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തത് ഒരിക്കലും രാഷ്ട്രീയമായി ന്യായീകരിക്കാന്‍ കഴിയില്ല…’ എന്നാണ് എന്‍ മാധവന്‍ കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. അതേസമയം ‘തീരുമാനങ്ങളിലെ വിവരക്കേട് തിരുത്തുന്നതാകും നല്ലത്. നായന്മാരെ കൂടെ നിര്‍ത്തണമെങ്കില്‍ ഇതിലും മികച്ച ഒരു നായര്‍ , അക്കാദമികവും ഭരണപരവും കലാപരവുമായി വളരെ മികവുകള്‍ ഉള്ള ഒരു നായര്‍ സ്ത്രീ ആ കുടുംബത്തില്‍ തന്നെയുണ്ട്. ഡോ.കെ. ഓമനക്കുട്ടി. സ്ത്രീയാണെന്ന ഒറ്റ’ക്കുറവേ’യുള്ളു. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ എ.ജി ശ്രീകുമാര്‍ ടീമിലെ നായര്‍ തന്നെയാകണമെന്നുണ്ടോ എന്ന് നിശ്ചയമില്ല.’ എന്ന് ശാരദക്കുട്ടി ഫേസ്ബുക്കില്‍ എഴുതി. സംഗീതം, സംഘി എന്നീ വാക്കുകളിലെ സാമ്യം കൊണ്ടാവണം എം.ജി ശ്രീകുമാറിനെ സര്‍ക്കാര്‍ പരിഗണിച്ചതെന്ന് ബൈജു സ്വാമി പ്രതികരിച്ചു. ‘ഏതായാലും ചവിട്ട് നാടക, ബാലെ അക്കാഡമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് രാമസിംഹനെ പരിഗണിക്കണം. അദ്ദേഹത്തോളം എക്സ്പീരിയന്‍സ് ഉള്ള ആരും ചവിട്ട് നാടകം, പുണ്യ പുരാണ ബാലെകളില്‍ കേരളത്തില്‍ പോയിട്ട് ഫാരതത്തില്‍ ഉണ്ടാകില്ല.’ ബൈജു സ്വാമി കുറിച്ചു.
‘അനൗചിത്യത്തിന് ഉദാഹരണമെന്ത് എന്ന് പി.എസ്.സി പരീക്ഷക്കോ മറ്റോ ചോദ്യമുണ്ടെങ്കില്‍ ഇന്നത്തെ ഏറ്റവും മികച്ച ഉത്തരം ഇടതുപക്ഷം സംഗീതനാടകഅക്കാദമിയുടെ തലപ്പത്തേക്ക് എം.ജി ശ്രീകുമാറിനെ തെരഞ്ഞെടുത്തത് എന്നായിരിക്കും. കലയും സംസ്‌കാരവും മൊത്തത്തിലേ അനുബന്ധപരിപാടിയായി മാറിയതുകൊണ്ട് ഇടതുപക്ഷത്തിനു സംഭവിക്കുന്ന ആഴമേറിയ പരിക്കിന്റെ പ്രതിഫലനമാണ് ഈ കാണുന്നത്. പുറത്തു ചുവന്നും അകത്തു കാവിയുമായി ജീവിക്കുന്ന കുറേ അധികാരമോഹികള്‍ക്ക് ഇടതുപക്ഷത്തിന്റെ സാംസ്‌കാരികലോകം വലിയ ഇടം നല്‍കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായെങ്കിലും ഇത്രയും അപമാനകരമായ തീരുമാനം ഞെട്ടലുളവാക്കുന്നതാണ്. സംഗീതനാടക അക്കാദമിയെ സംഘീതനാടകകാര്യാലയമാക്കാനുള്ള ചുമതലക്ക് മാത്രം അനുയോജ്യനായ ഒരാളെ മാത്രമേ കിട്ടാനുള്ളൂ എങ്കില്‍ സാംസ്‌കാരിക പരിപാടി പൂട്ടിക്കെട്ടുകയാണ് നല്ലത്. ദയവുചെയ്ത് പ്രിയ സഖാക്കള്‍ ക്ലാസുമായി വരരുത്, എന്തും ന്യായീകരിക്കാന്‍ ഞാന്‍ ടെണ്ടറെടുത്തിട്ടില്ല. എനിക്കങ്ങനെ ലഭിക്കുന്ന പരിഗണനകളിലും താല്‍പര്യമില്ല.’ എന്നാണ് ശ്രീചിത്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.
‘എം.ജി ശ്രീകുമാര്‍ സംഘപരിവാറുകാരനാണ്. കേരളത്തില്‍ താമര വിരിയണം എന്നു പരസ്യമായി പറഞ്ഞ ആള്‍. കുമ്മനത്തിനു വേണ്ടി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരസ്യ പ്രചരണം നടത്തിയതും ശ്രീകുമാറാണ്. വി മുരളീധരന്‍ കഴക്കൂട്ടത്തു മത്സരിച്ചപ്പോള്‍ അദ്ദേഹത്തിനു വേണ്ടിയും പ്രചരണം നടത്തി. ശ്രീകുമാറിന് സംഗീത നാടക അക്കാദമി അദ്ധ്യക്ഷ പദം നല്‍കാന്‍ കേരള സര്‍ക്കാര്‍ ഔദ്യോഗിക തീരുമാനം എടുത്തതായി എങ്ങും കണ്ടതുമില്ല. എങ്കിലും ദുരന്തങ്ങള്‍ ഉണ്ടാവരുതെന്നു തന്നെയാണ് ഏതൊരു മനുഷ്യനും ആഗ്രഹിക്കുക, പ്രാര്‍ത്ഥിക്കുക. ഈയുള്ളവനും അങ്ങനെ തന്നെ ആഗ്രഹിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു. എന്ന്, പയ്നായിരം പോയിട്ട് പത്തു പൈസ പോലും നേര്‍ച്ചയിടാത്ത, അതിനു കഴിവുമില്ലാത്ത ഒരു അവിശ്വാസി.’ബി.ജെ.പിയുടെ രാഷ്ട്രീയ മുഖത്തോ സാംസ്‌കാരിക മുഖത്തോ പ്രവര്‍ത്തിക്കുന്ന ആളുകളെ സര്‍ക്കാര്‍ സമിതികളില്‍ ഉള്‍പ്പെടുത്താന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ടെന്നും സംഗീത നാടക അക്കാദമിയിലോ സര്‍വകലാശാലാ സമിതികളിലോ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രതിനിധാനം ഉറപ്പു വരുത്താനുള്ള ജാഗ്രത നിഷ്‌കളങ്കമാകാന്‍ ഇടയില്ലെന്നും ഡോ. ആസാദ് പ്രതികരിച്ചു. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കളും ആശയപ്രചാരകരും അധികാര സ്ഥാനങ്ങളില്‍ കടന്നെത്തുന്നതിന്റെ ഉദാഹരണമാണ് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുന്ന പൊലീസ് സേനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.