വ്യാപക റെയിഡ് ; സംസ്ഥാനത്ത് ഇതുവരെ പിടിയിലായത് 7,674 ഗുണ്ടകള്‍

രണ്ടും കല്‍പ്പിച്ചു കേരളാ പോലീസ് ഇറങ്ങിയപ്പോള്‍ കഴിഞ്ഞ ഏഴ് ദിവസത്തിനിടെ സംസ്ഥാനത്ത് പിടിയിലായത് 7674 ഗുണ്ടകള്‍. 7767 വീടുകള്‍ റെയ്ഡ് ചെയ്തു. 3245 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച 53 പേരുടെ ജാമ്യം റദ്ദ് ചെയ്തു. കാപ്പ നിയപ്രകാരം 175 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ വിവിധ ജില്ലകളില്‍ റെയ്ഡ് ഉള്‍പ്പെടെയുളള പൊലീസ് നടപടികള്‍ പുരോഗമിക്കുകയാണ്. അതുപോലെ ഗുണ്ടകളെ നേരിടാന്‍ പൊലീസ് പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കും. എല്ലാ ജില്ലയിലും രണ്ടു വീതം സ്‌ക്വാഡുകളുണ്ടാകും. എഡിജിപി മനോജ് ഏബ്രഹാം നോഡല്‍ ഓഫീസറാകും. അതിഥിത്തൊഴിലാളികളിലെ ലഹരി ഉപയോഗം നിരീക്ഷിക്കുന്നതും ലഹരി മാഫിയയെ അമര്‍ച്ച ചെയ്യലുമാണ് സ്‌ക്വാഡിന്റെ ചുമതല. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം.

ഇതര സംസ്ഥാന തൊഴിലാളികളുടെ സാമൂഹിക മാധ്യമ ഇടപെടലുകള്‍ നിരീക്ഷിക്കാനും തീരുമാനമായിട്ടുണ്ട്. തൊഴിലാളി ക്യാമ്പുകളില്‍ സ്ഥിരം നിരീക്ഷണം ഏര്‍പ്പെടുത്തും. മദ്യപാനവും മയക്ക് മരുന്ന് ഉപയോഗവും കുറയ്ക്കാന്‍ ബോധവത്ക്കരണവും സംഘടിപ്പിക്കും. തൊഴിലാളികള്‍ക്ക് ലഹരി വസ്തുക്കളെത്തിക്കുന്നവരെ കണ്ടെത്താന്‍ പ്രത്യേക നിരീക്ഷണം നടത്താനും നിര്‍ദ്ദേശമുണ്ട്. ഓരോ എസ്എച്ച്ഒമാരും ഡിവൈഎസ്പിമാരും അവരുടെ കീഴിലുള്ള പ്രദേശത്തെ ക്യാമ്പുകളില്‍ പ്രത്യകം നിരീക്ഷണം നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്. മുന്‍പ് എല്ലാ ജില്ലകളിലും ഗുണ്ടാവിരുദ്ധ സ്‌ക്വാഡുകള്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ പിന്നീട് വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ലാ പൊലീസ് മേധാവികള്‍ സ്‌ക്വാഡുകള്‍ പിരിച്ചുവിട്ടു. വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണത്തോടെ ഷാഡോ സംഘങ്ങളും ഏറെകുറെ നിര്‍ജ്ജീവമായി. ഇതിനുശേഷം തലപൊക്കിയ ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ സംഘടിതമായ പൊലീസ് സംഘമില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഒരു എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിക്കണമെന്ന് സര്‍ക്കാരിന് ഡിജിപി ശുപാര്‍ശ നല്‍കിയത്. പുതിയ സംഘത്തില്‍ മൂന്നാം മുറയും അഴിമതിയും ഒഴിവാക്കാനാണ് ഒരു ഉന്നത ഉദ്യോഗസ്ഥന് തന്നെ ഏകോപന ചുമതല നല്‍കിയത്.

അതുപോലെ തുവത്സര ആഘോഷങ്ങള്‍, ഒമിക്രോണ്‍ വ്യാപനം എന്നിവയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാനും സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചു. രാത്രി 10 മണിക്ക് മുമ്പ് നടക്കുന്ന ആഘോഷങ്ങളിലും കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനായി മുഴുവന്‍ പൊലീസ് സേനയെയും വിന്യസിക്കും. മയക്കുമരുന്ന്, സ്വര്‍ണ്ണം, മണ്ണ്, ഹവാല എന്നിവയുടെ കളളക്കടത്ത് തടയുന്നതിനായി ഇന്റലിജന്‍സ് സംവിധാനം ശക്തിപ്പെടുത്തും. ഇതിനായി പ്രത്യേക ഇന്റലിജന്‍സ് സംഘങ്ങള്‍ ഇതിനകം തന്നെ രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ നടന്ന വര്‍ഗ്ഗീയ കൊലപാതകങ്ങളിലെ പ്രതികളെ എത്രയും വേഗം പിടികൂടാന്‍ പൊലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെയും അതിന് സാമ്പത്തിക സഹായം നല്‍കുന്നവരെയും കണ്ടെത്തും.