കോവിഡ് ഗുളികയ്ക്ക് ഇന്ത്യയിലും അനുമതി

കോവിഡ് ചികിത്സയ്ക്കുള്ള ഗുളികയായ മോള്‍നുപിറവിറിന് രാജ്യത്ത് നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതി. അടിയന്തര ഘട്ടങ്ങളില്‍ ഗുളിക മുതിര്‍ന്നവര്‍ക്ക് ഉപയോഗിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മന്‍സുക് മാണ്ഡവ്യ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ബ്രിട്ടനും യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും ഗുളികയ്ക്ക് അനുമതി നല്‍കിയിരുന്നു. ഇതേ ആവശ്യത്തിന് ഉപയോഗിക്കുന്ന ഫൈസര്‍ കമ്പനിയുടെ ഗുളികയ്ക്കും യുഎസ് അംഗീകാരം നല്‍കിയിരുന്നു. ഇരു രാജ്യങ്ങളിലും നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ മരുന്ന് മികച്ച ഫലം സൃഷ്ടിക്കുന്നതാണെന്നാണ് വ്യക്തമാക്കുന്നത്.

ആന്റിവൈറല്‍ ചികിത്സക്ക് ഉപയോഗിക്കുന്ന പരീക്ഷണാത്മക ഗുളികയാണ് മോല്‍നുപിറാവിര്‍. വൈറസിന്റെ ജനിതക കോഡിലെ പിശകുകള്‍ വഴി രോഗം വര്‍ധിക്കുന്നത് തടയുകയാണ് ചെയ്യുക. രോഗം ബാധിച്ച് ആശുപത്രിയിലാകേണ്ടി വരുന്നതും മരണപ്പെടുന്നതും ഗുളിക കഴിക്കുന്നത് വഴി ഇല്ലാതാകുമെന്നാണ് നിര്‍മാതാക്കളായ മെര്‍ക്ക് കമ്പനി പറയുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ മൂന്നാം ക്ലിനിക്കല്‍ ട്രെയലിന് ശേഷം മെര്‍ക്കും പങ്കാളികളായ റിഡ്ജ്ബാക്ക് ബയോതെറാപ്യൂട്ടിക്സും ചേര്‍ന്ന് പുറത്തിറക്കിയ പ്രസ്താവനലില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് ബാധിതരുടെ രോഗം തീവ്രമാകാതിരിക്കാനാണിത് സഹായിക്കുക. ഗുളികയോ മറ്റെന്തെങ്കിലും മരുന്നോ വാക്സിന് പകരമാകില്ല. ഇന്ത്യയില്‍ അടിയന്തര സാഹചര്യത്തില്‍ മാത്രം ഗുളിക ഉപയോഗിക്കാനാണ് അനുമതിയുള്ളത്. അതും മധ്യമ നിലയില്‍ രോഗമുള്ളവരും ഓക്സിജന്‍ സാച്ചറേഷന്‍ 93 ശതമാനത്തില്‍ കുറവുള്ളവരുമായ ഇതരരോഗബാധതരും മരണപ്പെടാന്‍ സാധ്യത ഉള്ളവരുമായ ആളുകള്‍ക്കാണ് ഗുളിക ഉപയോഗിക്കാനാവുക.