രണ്ടു വാക്സിനുകള്‍ക്ക് കൂടി അനുമതി

രണ്ടു കോവിഡ് വാക്സിനുകള്‍ക്ക് കൂടി അടിയന്തര അനുമതി. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവോവാക്സിനും കോര്‍ബെവാക്സിനുമാണ് അനുമതി നല്‍കിയിരിക്കുന്നത്. നിബന്ധനകളോടെ അടിയന്തര ഉപയോഗ അനുമതി നല്‍കാന്‍ സെന്‍ട്രല്‍ ഡ്രഗ് അതോറിറ്റിയുടെ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.കോവിഡ് ചികിത്സയ്ക്കുള്ള മരുന്നായ മോള്‍നുപിറവിറിനും നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ മുതിര്‍ന്നവര്‍ക്ക് ഉപയോഗിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

എല്ലാ ശുപാര്‍ശകളും അന്തിമ അനുമതിക്കായി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് (ഡിസിജിഐ) അയച്ചിട്ടുണ്ട്. ഡിസിജിഐയുടെ അംഗീകാരം ലഭിച്ചാല്‍ അടിയന്തര ഉപയോഗാനുമതി ലഭിച്ച വാക്സിനുകളുടെ എണ്ണം എട്ടായി ഉയരും.രണ്ടുവാക്സിനുകള്‍ക്ക് കൂടി അനുമതി ലഭിച്ചതില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.മന്‍സുക് മാണ്ഡവ്യ ട്വിറ്ററില്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു. ഇത് കൊറോണക്കെതിരെയുള്ള പോരാട്ടത്തെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.