ഗാന്ധിക്കെതിരായ പരാമര്‍ശത്തിലുറച്ച് ഹിന്ദു പുരോഹിതന്‍

രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിക്കെതിരെ നടത്തിയ അധിക്ഷേപത്തില്‍ ഖേദമില്ലെന്ന് ഹിന്ദു മതപുരോഹിതന്‍ കലിചരണ്‍ മഹാരാജ്. ചത്തീസ്ഗഢില്‍ കഴിഞ്ഞ ദിവസം നടന്ന ‘ധര്‍മ സന്‍സദ്’ ഹിന്ദു സമ്മേളനത്തിലായിരുന്നു അധിക്ഷേപം. സംഭവത്തില്‍ മഹാരാജിനെതിരെ റായ്പൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ”ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് എനിക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാല്‍, അധിക്ഷേപങ്ങളില്‍ എനിക്ക് ഒരു പശ്ചാത്താപവുമില്ല. ഗാന്ധിയെ രാഷ്ട്രപിതാവായി ഞാന്‍ ഗണിക്കുന്നില്ല. സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ പ്രധാനമന്ത്രിയാകാതിരിക്കാന്‍ കാരണം മഹാത്മാ ഗാന്ധിയാണ്. പട്ടേല്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ ഇന്ത്യ അമേരിക്കയെക്കാളും ശക്തമായ രാജ്യമാകുമായിരുന്നു.” വിഡിയോ സന്ദേശത്തില്‍ കലിചരണ്‍ മഹാരാജ് പ്രതികരിച്ചു.

വിഡിയോയെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും മഹാരാജിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസെന്നും എസ്പി പ്രശാന്ത് അഗര്‍വാള്‍ പറഞ്ഞു. ഞായറാഴ്ചയാണ് മഹാത്മാ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് കാണിച്ച് മഹാരാജിനെതിരെ പൊലീസ് കെസെടുത്തത്. റായ്പൂരിലെ മുന്‍ മേയര്‍ പ്രമോദ് ദുബെ നല്‍കിയ പരാതിയിലാണ് നടപടി. ഇതേ പരാമര്‍ശങ്ങളുടെ പേരില്‍ മഹാരാഷ്ട്രയിലെ അകോല പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റായ്പൂരിലെ രാവണ്‍ ഭാത ഗ്രൗണ്ടിലാണ് ദിവസങ്ങള്‍ക്കുമുന്‍പ് വിവാദ സമ്മേളനം നടന്നത്. വിവാദ പ്രസംഗത്തില്‍ ഗാന്ധിയെ കൊന്ന നാഥുറാം ഗോഡ്‌സെയെ മഹാരാജ് പ്രശംസിച്ചിരുന്നു. ഇന്ത്യയെ തകര്‍ത്തയാളാണ് ഗാന്ധിയെന്നും അതിനാല്‍ ഗാന്ധി ഘാതകനായ ഗോഡ്‌സെയെ താന്‍ അഭിനന്ദിക്കുന്നുവെന്നും പ്രസംഗത്തില്‍ കലിചരണ്‍ മഹാരാജ് പറയുന്നുണ്ട്. ഇന്ത്യയെ രാഷ്ട്രീയത്തിലൂടെ പിടിച്ചടക്കുകയാണ് ഇസ്ലാമിന്റെ ലക്ഷ്യമെന്നും പ്രസംഗത്തില്‍ ആരോപിക്കുന്നു. ഹിന്ദുമതത്തെ സംരക്ഷിക്കാന്‍ ശക്തനായൊരു നേതാവിനെ തെരഞ്ഞെടുക്കണമെന്നും ആഹ്വാനമുണ്ടായിരുന്നു.

മഹാരാജിന്റെ പ്രസംഗത്തിലെ വിവാദ പരാമര്‍ശത്തെത്തുടര്‍ന്ന് ‘ധര്‍മ സന്‍സദ്’ ഹിന്ദു സമ്മേളനത്തിന്റെ മുഖ്യ സംഘാടകരിലൊരാള്‍ കൂടിയായ പ്രമുഖ പുരോഹിതന്‍ രാംസുന്ദര്‍ ദാസ് വേദിവിട്ടു പോയിരുന്നു. ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ പരസ്യമായി പ്രതിഷേധവും രേഖപ്പെടുത്തി. രാജ്യത്തിനു വേണ്ടി ജീവന്‍ സമര്‍പ്പിച്ചയാളാണ് ഗാന്ധിയെന്ന് ചത്തീസ്ഗഢിലെ തന്നെ ഒരു ക്ഷേത്രത്തിലെ പുരോഹിതനായ രാംസുന്ദര്‍ ദാസ് പ്രതികരിച്ചു. ഈ മാസം 17 മുതല്‍ 19 വരെ ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നടന്ന വിവാദ ഹിന്ദു സമ്മേളനത്തിനു പിറകെയാണ് ചത്തീസ്ഗഢിലും ധര്‍മ സന്‍സദ് നടന്നത്. ഹരിദ്വാര്‍ സമ്മേളനത്തില്‍ വിവിധ ഹിന്ദു നേതാക്കന്മാര്‍ മുസ്ലിംകള്‍ക്കെതിരെ കലാപാഹ്വാനം നടത്തിയിരുന്നു. ഹിന്ദുരാഷ്ട്രം യാഥാര്‍ത്ഥ്യമാക്കാന്‍ മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളെ രാജ്യത്തുനിന്ന് ഉന്മൂലനം ചെയ്യണമെന്നായിരുന്നു ഹിന്ദു നേതാക്കന്മാരുടെ ആഹ്വനം. പ്രസംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് രാജ്യത്തും അന്താരാഷ്ട്രതലത്തിലും ഉയര്‍ന്നത്. പരിപാടി നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിദ്വേഷപ്രസംഗങ്ങളില്‍ നടപടിയെടുക്കാത്ത പൊലീസ് സമീപനത്തില്‍ വന്‍വിമര്‍ശനമുയര്‍ന്നു. ഇതിനുപിന്നാലെ യുപി ഷിയാ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വസീം റിസ്വി(ജിതേന്ദ്ര ത്യാഹി)ക്കെതിരെ മാത്രമാണ് കേസെടുത്തത്.