ഒമിക്രോണ്‍ വ്യാപനം ; തിയറ്ററുകളില്‍ രാത്രി 10നു ശേഷം പ്രദര്‍ശനമില്ല
ഒമിക്രോണ്‍ വ്യാപനത്തിന്റെ പേരില്‍ സംസ്ഥാനത്ത് തിയറ്ററുകളില്‍ സമയ നിയന്ത്രണം. രാത്രി പത്തു മണിക്ക് ശേഷം തിയറ്ററുകളില്‍ പ്രദര്‍ശനം അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. നിയന്ത്രണം നീക്കുന്നത് വരെ ഇനി സെക്കന്റ് ഷോ ഉണ്ടാവില്ല.വ്യാഴം മുതല്‍ ഞായര്‍ വരെയാണ് നിയന്ത്രണം നിലവിലെ കോവിഡ് സാഹചര്യം പരിഗണിച്ച് ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടുവരെ രാത്രികാല നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചിരുന്നു. കടകള്‍ രാത്രി 10 ന് അടയ്ക്കണം. പുലര്‍ച്ചെ അഞ്ച് വരെയാണ് നിയന്ത്രണം. ഒമിക്രോണ്‍ വൈറസ് ബാധ തടയുന്നതിനായുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടപ്പിലാക്കാനും നിര്‍ദേശമുണ്ട്.
പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുളള ബീച്ചുകള്‍, ഷോപ്പിംഗ് മാളുകള്‍, പബ്ലിക് പാര്‍ക്കുകള്‍, തുടങ്ങിയ പ്രദേശങ്ങളില്‍ ജില്ലാ കലക്ടര്‍മാര്‍ മതിയായ അളവില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറല്‍ മജിസ്ട്രേറ്റുകളെ വിന്യസിക്കും. കൂടുതല്‍ പൊലീസിനെയും നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിക്കും. പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 31ന് രാത്രി 10ന് ശേഷം അനുവദിക്കുന്നതല്ല. ബാറുകള്‍, ക്ലബ്ബുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഭക്ഷണശാലകള്‍ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരും.