കെ റെയില്‍ ; തരൂര്‍ ഇനി പാര്‍ട്ടിക്കൊപ്പം എന്ന് പ്രതിപക്ഷ നേതാവ്
കെ റെയില്‍ പദ്ധതിയില്‍ തിരുവനന്തപുരം എം പി ശശിതരൂരും യുഡിഎഫും തമ്മിലുള്ള തര്‍ക്കം സമവായത്തിലേക്ക്. യുഡിഎഫ് ഉന്നയിച്ച ചോദ്യങ്ങള്‍ പ്രസക്തമാണെന്ന് കാണിച്ച് തരൂര്‍ മറുപടി നല്‍കിയതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അറിയിച്ചു. യുഡിഎഫിന് നിലപാടിനൊപ്പമാണെന്ന് തരൂര്‍ തന്നെ പരസ്യമാക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. പദ്ധതിക്ക് എതിരെ യുഡിഎഫ് സമരങ്ങളുടെ പാളം തെറ്റിച്ച തരൂരിനെ ഒപ്പം നിര്‍ത്താനുള്ള നീക്കത്തിന് മുന്‍കയ്യെടുത്തത് പ്രതിപക്ഷ നേതാവ് വിഡിസതീശനാണ്. പദ്ധതി പഠിക്കാന്‍ സമയം ചോദിച്ച തരൂരിനെ സതീശന്‍ കഴിഞ്ഞ ദിവസം യുഡിഎഫിന്‍െ പഠന റിപ്പോര്‍ട്ടിലെ പ്രസക്തഭാഗങ്ങളും മുന്നണി ഉന്നയിക്കുന്ന സംശയങ്ങളും ചോദ്യങ്ങളും ചേര്‍ത്ത് കത്ത് നല്‍കി. മുന്നണി നിലപാടിനൊപ്പം തരൂരും നില്‍ക്കണമെന്നും ആവശ്യപ്പെട്ടു. ഇതിന് കഴിഞ്ഞ ദിവസം നല്‍കിയ മറുപടിയിലാണ് തരൂര്‍ അയയുന്നുവെന്ന സൂചന നല്‍കിയത്
യുഡിഎഫ് പഠനറിപ്പോര്‍ട്ട് അടക്കം നല്‍കാതെ കൂടിയാലോചനയില്ലാതെ പദ്ധതിയെ എതിര്‍ക്കാന്‍ തീരുമാനച്ചതിലുള്ള തരൂരിന്റെ അതൃപ്തി സതീശന്റെ കത്തോടെ മാറിയെന്നാണ് വിവരം. തരൂര്‍ മുന്നണിക്കൊപ്പമെന്ന് പ്രതിപക്ഷനേതാവ് പറയുമ്പോഴും ശശി തരൂര്‍ പരസ്യമായി സ്വീകരിക്കുന്ന പുതിയ നില്പാടില്‍ ആകാംക്ഷയുണ്ട്. വികസനത്തില്‍ വേറിട്ട സമീപനം പുലര്‍ത്തുന്ന തിരുവനന്തപുരം എംപി സില്‍വര്‍ ലൈനിനെ പൂര്‍ണ്ണമായി എതിര്‍ക്കുമോ എന്നാണ് അറിയേണ്ടത്. തരൂരിനെതിരെ നിലപാട് കടുപ്പിക്കണമെന്നും അനുനയിപ്പിച്ച് ഒപ്പം നിര്‍ത്തിയാല്‍ മതിയെന്നും രണ്ട് അഭിപ്രായങ്ങളാണ് കോണ്‍ഗ്രസ്സില്‍ ഉയര്‍ന്നത്. രണ്ടാം മാര്‍ഗ്ഗമാണ് നല്ലതെന്ന നിലക്കായിരുന്നു സതീശന്റെ ഒത്ത് തീര്‍പ്പ് ശ്രമം.