ഇരുചക്ര വാഹന ഉപഭോക്താക്കള്‍ക്ക് പെട്രോളിന് 25 രൂപ കുറച്ചു വമ്പന്‍ പ്രഖ്യാപനവുമായി ജാര്‍ഖണ്ഡ്

പെട്രോള്‍ വിലയില്‍ ഞെട്ടിക്കുന്ന ഇളവ് പ്രഖ്യാപിച്ച് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ . ഒരു ലിറ്റര്‍ പെട്രോളിന് 25 രൂപ കുറയ്ക്കുന്നതായാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഈ ഇളവ് സംസ്ഥാനത്തെ ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാകും ലഭ്യമാവുകയെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ വ്യക്തമാക്കി. ‘മോട്ടാര്‍ സൈക്കിള്‍, സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് പെട്രോള്‍ വിലയില്‍ ലിറ്ററിന് 25 രൂപ വിലക്കിഴിവ് നല്‍കാന്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.’ – സോറന്‍ എ എന്‍ ഐയോട് പറഞ്ഞു. ജനുവരി 26 മുതലായിരിക്കും ഇളവുകള്‍ പ്രാബല്യത്തില്‍ വരികയെന്നും സോറന്‍ പറഞ്ഞു. അധികാരത്തില്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ ദിവസമാണ് ഈ അപ്രതീക്ഷിത തീരുമാനമെന്ന പ്രത്യേകത കൂടിയുണ്ട്.

ഹേമന്ദ് സോറന്റെ പാര്‍ട്ടിയായ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും കോണ്‍ഗ്രസും ആര്‍.ജെ.ഡിയും ചേര്‍ന്ന സഖ്യമാണ് സംസ്ഥാനം ഭരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി അഭൂതപൂര്‍വമായ വര്‍ധനവ് രേഖപ്പെടുത്തിക്കൊണ്ടിരുന്ന ഇന്ധനവില കഴിഞ്ഞ ഒരു മാസത്തിലേറെയായി വിലയില്‍ മാറ്റമില്ലാതെ തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് സോറന്റെ പ്രഖ്യാപനം. ദീപാവലിയുടെ തലേദിവസം കേന്ദ്രസര്‍ക്കാര്‍ ഇന്ധനങ്ങളുടെ എക്‌സൈസ് തീരുവ വെട്ടിക്കുറച്ചതിന്റെ ഫലമായി രാജ്യത്തുടനീളം പെട്രോള്‍, ഡീസല്‍ വിലയില്‍ ഗണ്യമായ കുറവുണ്ടായി. സര്‍ക്കാര്‍ പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും കുറച്ചിരുന്നു. ഈ തീരുമാനത്തെ തുടര്‍ന്ന് നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (NDA) യും സഖ്യകക്ഷികളും ഭരിക്കുന്ന പല സംസ്ഥാനങ്ങളും പെട്രോളിന്മേലുള്ള മൂല്യവര്‍ധിത നികുതി (വാറ്റ്) കുറച്ചു. എന്നാല്‍ കേരളം ഒരു രൂപ പോലും കുറയ്ക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.