കേരളാ പൊലീസിലെ ആര്‍ എസ് എസ് ലോബി ; തുറന്നു സമ്മതിച്ചു കോടിയേരി ബാലകൃഷ്ണന്‍
കേരളാ പോലീസില്‍ ആര്‍ എസ് എസ് ലോബി ശക്തമാണ് എന്ന ആരോപണം ശരിവെച്ചു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പൊലീസ് സ്റ്റേഷനുകളിലെ നിര്‍ണായക ജോലികള്‍ ആര്‍എസ്എസ് അനുകൂലികള്‍ കയ്യടക്കുന്നുവെന്നാണ് കോടിയേരി ഇപ്പോള്‍ സമ്മതിച്ചത്. സിപിഎം അനുകൂലികളായ അസോസിയേഷന്‍കാര്‍ക്ക് ഇത്തരം ജോലികളില്‍ താല്‍പര്യമില്ല. പലര്‍ക്കും മന്ത്രിമാരുടെ പഴ്സനല്‍ സ്റ്റാഫില്‍ കയറാനാണ് താല്‍പര്യം. അവര്‍ പണിയെടുക്കാതിരിക്കാനുള്ള തസ്തികകള്‍ തേടിപോവുകയാണെന്ന് കോടിയേരി പറഞ്ഞു.
ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് അനുകൂലികള്‍ സ്റ്റേഷന്‍ ചുമതലകള്‍ കയ്യടക്കുമ്പോള്‍ സര്‍ക്കാര്‍ വിരുദ്ധ നടപടികള്‍ ചെയ്യുന്നുവെന്നും ബിജെപി അനുകൂലികള്‍ ബോധപൂര്‍വം ഇടപെടല്‍ നടത്തുന്നുവെന്നും കോടിയേരി പറഞ്ഞു. പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപ് കുമാറിന്റെ കേസിലും ഇത്തരത്തിലുള്ള കൈകടത്തല്‍ ഉണ്ടായി. ആദ്യം പറഞ്ഞതില്‍ നിന്ന് എസ്പിയ്ക്ക് പിന്മാറേണ്ടി വന്നു. ഇപ്പോള്‍ അന്വേഷണം ശരിയായ ദിശയില്‍ ആണെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ എന്തൊക്കെ സംഭവിച്ചാലും കെ റെയില്‍ പദ്ധതി നടപ്പാക്കും എന്നും കോടിയേരി ഉറപ്പു പറയുന്നു. ഇതിനായി കെ റെയില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി വിതരണത്തിന് എത്തിക്കുമെന്നും എല്ലാ വീടുകളിലും പാര്‍ട്ടി പ്രതിനിധികള്‍ നേരിട്ടു പോയി കാര്യങ്ങള്‍ വിശദീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.